ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് അതിക്രമം: മര്‍ദനമേറ്റ ഗവേഷക വിദ്യാര്‍ത്ഥിയുടെ നില അതീവഗുരുതരം

Webdunia
വ്യാഴം, 24 മാര്‍ച്ച് 2016 (13:52 IST)
വൈസ് ചാന്‍സിലര്‍ അപ്പറാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനിടെ പൊലീസിന്റെ ക്രൂരമായ മര്‍ദനമേറ്റ ഗവേഷക വിദ്യാര്‍ത്ഥി ഉദയഭാനുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കാമ്പസിലെ ഭക്ഷണ വിതരണം സര്‍വകലാശാല അധികൃതര്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ഉദയഭാനു അടക്കമുളളവര്‍ സഹപാഠികള്‍ക്കായി ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങിയത്.
 
ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസും, അര്‍ധ സൈനിക വിഭാഗവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ 44 വിദ്യാര്‍ഥികളെ യൂണിവേഴ്‌സിറ്റിയുടെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
അതേസമയം, നില ഗുരുതരമായതിനേത്തുടര്‍ന്ന് ഉദയഭാനുവിനെ ഹൈദരാബാദിലെ പ്രണാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഐ സി യുവില്‍ കഴിയുന്ന ഉദയഭാനുവിന് ഇപ്പോഴും ബോധം വന്നിട്ടില്ല.
 
ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് വൈസ് ചാന്‍സിലര്‍ അപ്പറാവു രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരങ്ങളിലേക്ക് കടന്നത്. എന്നാല്‍, പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിച്ച് സര്‍വകലാശാലാ അധികൃതര്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു.