ഹെലികോപ്ടര്‍ ഇടപാടില്‍ ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടുണ്ട്: എ കെ ആന്റണി

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2013 (11:39 IST)
PTI
PTI
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ ആന്റണി പക്ഷേ ഇവര്‍ ആരാണെന്ന് വ്യക്തമാക്കിയില്ല.

ഇടപാടിനെക്കുറിച്ചുള്ള സി ബി ഐ അന്വേഷണം തീരാന്‍ കാത്തിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. അന്വേഷണം അന്തിമഘട്ടത്തിലാണ്. അത് പൂര്‍ത്തിയായാല്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും എന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിവിഐപി ഹെലികോപ്ടറുകള്‍ വാങ്ങിയതില്‍ 3600 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. അഴിമതി നടന്നതായി പ്രതിരോധമന്ത്രി തന്നെ സ്ഥിരീകരിച്ചതോടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയായി മാറുകയാണിത്.

ഹെലികോപ്‌ടര്‍ ഇടപാട് കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയടക്കം 12 പേര്‍ക്കെതിരെയാണ് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ത്യാഗിയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ത്യാഗിയുടെ ബന്ധുക്കളായ ജൂലി, ദോക്സ, സഞ്ജീവ് എന്നിവര്‍ക്കെതിരെയും കേസുണ്ട്.

ഹെലികോപ്ടര്‍ നിര്‍മ്മാണ സ്ഥാപനമായ ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, ഇവരുടെ മാതൃസ്ഥാപനമായ ഇറ്റലിയിലെ ഫിന്‍ മെക്കാനിക്ക, ഇന്ത്യയില്‍ നിന്ന് എയ്‌റോമെട്രിക്സ്, ഐഡിഎസ് ഇന്‍ഫോടെക്, എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.