ഹെഡ്‌ലി വധശിക്ഷ അര്‍ഹിക്കുന്നു എന്ന് ഇന്ത്യ

Webdunia
വെള്ളി, 25 ജനുവരി 2013 (12:38 IST)
PRO
PRO
മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരനായ ഡേവി‌ഡ് ഹെ‌ഡ്‌ലി വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് ഇന്ത്യ. 26/11 ഉള്‍പ്പെടെ 12 കേസുകളില്‍ ഹെഡ്‌ലിയ്ക്ക് ചിക്കാഗോ കോടതി 35 വര്‍ഷം തടവുശിക്ഷ വിധിച്ചതിനെക്കുറിച്ചായിരുന്നു ഇന്ത്യയുടെ പ്രതികരണം.

മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഹെഡ്‌ലി ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗ് പറഞ്ഞു. പാക് വംശജനായ അമേരിക്കന്‍ പൌരന്‍ ഹെ‌ഡ്‌ലിയുടെ ശിക്ഷാവിധിയോട് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്ത്യന്‍ നിയമപ്രകാരമാണെങ്കില്‍ കൂടുതല്‍ കാലം തടവു നല്‍കാന്‍ സാധിക്കുമായിരുന്നു. ഹെഡ്‌ലിക്കു ലഭിച്ച ശിക്ഷ ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹെഡ്‌ലിയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിരുന്നു എങ്കിലും അമേരിക്ക അതിന് തയ്യാറായിരുന്നില്ല.

മുംബൈയില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങളും വീഡിയോ ചിത്രങ്ങളും ഭീകരര്‍ക്ക് കൈമാറിയത് ഹെഡ്‌ലി ആയിരുന്നു. ഭീകരര്‍ക്ക് കടല്‍‌മാര്‍ഗം മുംബൈയില്‍ എത്താനുള്ള മാപ്പ് തയ്യാറാക്കാനും ഇയാള്‍ സഹായിച്ചു.