ഹൃദ്രോഗം മാറ്റാന്‍ ഗംഗാ നദിയിലെ മത്സ്യം

Webdunia
ബുധന്‍, 16 ഫെബ്രുവരി 2011 (17:12 IST)
PRO
ഹിന്ദുമതവിശ്വാസികളുടെ പുണ്യനദിയായ ഗംഗയ്ക്കിപ്പോള്‍ 'പുണ്യം' പേരില്‍ മാത്രമേ ഉള്ളൂ. ഗംഗയുടെ അവസ്ഥ ഹൃദയഭേദകമാണെങ്കിലും ഈ നദിയില്‍ കാണപ്പെടുന്ന സീബ്രാ മീനുകള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ മാറ്റാന്‍ കഴിവുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കാര്‍ഡിയാക് കോശങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഈ മത്സ്യത്തിന്റെ പ്രോട്ടീന്‍ തന്മാത്രകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ബ്രിട്ടിഷ് ഹാര്‍ട്ട് ഫൌണ്ടേഷന്‍ തലവന്‍ പ്രൊഫസര്‍ പീറ്റര്‍ വെയ്‌സ്‌ ബര്‍ഗിനെ ഉദ്ധരിച്ച് ദ് ഇന്‍ഡിപെന്റെന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തകരാറിലായ മസിലുകളുടെ 20 ശതമാനം വരെ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വീണ്ടും നിര്‍മ്മിക്കപ്പെടാന്‍ ഇത് സഹായിക്കും. ഗുരുതരമായ ഹൃദയാഘാതം വന്നശേഷവും ഹൃദയകോശങ്ങള്‍ പഴയ അവസ്ഥയിലാക്കാനും ഈ മരുന്നിന് സാധിക്കും.

പ്രോട്ടീന്‍ തന്മാത്രയിലെ തൈമോസിന്‍ ബീറ്റ-4 ആണ് മരുന്നു നിര്‍മ്മാണത്തിന് ഉപയോഗിക്കുക. ഹൃദയത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന കോശങ്ങള്‍ വളരാന്‍ ഇത് സഹായിക്കുന്നു. അങ്ങനെ രക്തവാഹിനിക്കുഴലുകള്‍ വീണ്ടും സജീവമാകുന്നു. ഹൃദയം മാറ്റിവെയ്ക്കല്‍ എന്ന ഏക പോംവഴിയാണ് ഇപ്പോള്‍ രോഗികള്‍ക്കുമുന്നില്‍ ഉള്ളത്.

ഈ മത്സ്യത്തില്‍ നിന്ന് മരുന്നുകള്‍ നിര്‍മ്മിക്കാ‍ന്‍ സാധിച്ചാല്‍ മനുഷ്യരാശിക്ക് തന്നെ സന്തോഷം പകരുന്ന ഒരു സുപ്രധാന കണ്ടെത്തലായിരിക്കും ഇതെന്ന് ഗവേഷകര്‍ വിലവിരുത്തുന്നു. ഹൃദ്രോഗം വന്നു മരിക്കുന്നവരുടെ സംഖ്യയില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ഹൃദയാഘാതം ലോകത്താകമാനം കൂടിവരികയാണ്.