സ്വതന്ത്രനായി പോരാട്ടം: ജസ്വന്ത് സിംഗ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Webdunia
തിങ്കള്‍, 24 മാര്‍ച്ച് 2014 (13:39 IST)
PRO
PRO
ബിജെപി വിട്ട മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജന്മനാടായ ബാര്‍മറിലാണ് സിംഗ് പത്രിക നല്‍കിയത്. സ്വതന്ത്രനായാണ് സിംഗ് മത്സരിക്കുന്നത്.

രാജസ്ഥാനിലെ തന്റെ ജന്മനാടായ ബാര്‍മറില്‍ ജനവിധി തേടാന്‍ അനുവദിക്കണമെന്നായിരുന്നു ജസ്വന്ത് സിംഗിന്റെ ആവശ്യം. എന്നാല്‍ ബിജെപി ഇത് തള്ളുകയായിരുന്നു. പകരം കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ എംപി സോനാറാം ചൗധരിയെ ബിജെപി ബാര്‍മറില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ നിലപാടാണ് ജസ്വന്തിന് വിനയായത്. ജാട്ട് സമുദായത്തില്‍പെട്ട സോനാറാം ചൗധരിയെ നിര്‍ത്തിയാല്‍ ജാട്ട് വിഭാഗത്തിന്റെ വോട്ട് ലഭിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

ജസ്വന്ത് സിംഗിനെ പിന്തുണച്ച് സുഷമ സ്വരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തി. ജസ്വന്ത് സിംഗിന് സീറ്റ് നല്‍കാത്ത പാര്‍ട്ടി നടപടി തന്നെ വേദനിപ്പിച്ചെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ബാര്‍മറില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗത്തിലല്ലെന്നും അവര്‍ പറഞ്ഞു.