സ്ഫോടനം: വിവരം നല്‍കുന്നവര്‍ക്ക് 51 ലക്ഷം

Webdunia
ബുധന്‍, 30 ജൂലൈ 2008 (13:51 IST)
PTI
അഹമ്മദാബാദ് സ്ഫോടനങ്ങളെ കുറിച്ചും സൂററ്റില്‍ ബോംബുകള്‍ സ്ഥാപിച്ചവരെ കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ചയാണ് സമ്മാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസം സൂററ്റില്‍ നിന്ന് 18 ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയിരുന്നു. ഇതെതുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനായി നഗരത്തില്‍ എത്തിയപ്പോഴാണ് നരേന്ദ്ര മോഡി സ്ഫോടന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

നരേന്ദ്രമോഡിക്കൊപ്പം മന്ത്രി നരോത്തം പട്ടേല്‍, ഗുജറാത്ത് പൊലീസ് മേധാവി പി സി പാണ്ഡെ തുടങ്ങിയവരും സൂററ്റില്‍ സന്ദര്‍ശനം നടത്തി.

ശനിയാഴ്ച അഹമ്മദാബാദില്‍ നടന്ന സ്ഫോടനത്തിനു ശേഷം സൂററ്റില്‍ നിന്ന് ഇതുവരെ 23 ബോംബുകളാണ് കണ്ടെടുത്ത് നശിപ്പിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി ബുധനാഴ്ച കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ സൂറര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍‌എം‌എസ് ബ്രാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.