സ്പെക്ട്രം: പി‌എംഒയ്ക്ക് മുന്നറിയിപ്പ് നല്‍കി?

Webdunia
ചൊവ്വ, 8 ഫെബ്രുവരി 2011 (18:55 IST)
PRO
ഐ‌എസ്‌ആര്‍‌ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ സ്പെക്ട്രം അഴിമതിയെ കുറിച്ച് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ‌ എ നായര്‍ക്ക് കത്തെഴുതിയിരുന്നതായി മാധ്യമ വെളിപ്പെടുത്തല്‍. 2010 ഡിസംബര്‍ രണ്ടിന് അയച്ച കത്തില്‍ ദേവാസ് കരാറിനെ കുറിച്ച് നിയമ സെക്രട്ടറി വിയോജിപ്പ് പ്രകടിപ്പിച്ചത് സൂചിപ്പിച്ചിരുന്നു എന്നാണ് ഒരു പ്രമുഖ ദേശീയ മാധ്യമം വെളിപ്പെടുത്തുന്നത്.

അതേസമയം‍, ഐ‌എസ്‌ആര്‍‌ഒയുടെ സ്പെക്ട്രം ഇടപാടിലൂടെ രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പി എം ഒ പ്രതികരിച്ചിട്ടുണ്ട്. എസ് ബാന്‍ഡ് സ്പെക്ട്രം വിതരണത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നാണ് പി‌എം‌ഒയുടെ നിലപാട്.

എന്നാല്‍, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞ സര്‍ക്കാരിനെയാണ് പ്രധാനമന്ത്രി നയിക്കുന്നത് എന്ന് ബിജെപി കുറ്റപ്പെടുത്തി. സ്പെക്ട്രം അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

2005- ല്‍, ഐ‌എസ്‌ആര്‍‌ഒയുടെ വാണിജ്യ വിഭാഗമായ ആന്‍‌ട്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവുമായി ഉപഗ്രഹ വിക്ഷേപണത്തിനായി ഏര്‍പ്പെട്ട ഒരു കരാറാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതെ കുറിച്ച് സി‌എജി പരിശോധിച്ചു വരികയാണ്. ഇടപാടിന്റെ ഭാഗമായി സ്വകാര്യ കമ്പനിക്ക് 20 വര്‍ഷക്കാലത്തേക്ക് എസ്-ബാന്‍ഡില്‍ 70 മെഗാഹെര്‍ട്‌സ് സ്പെക്ട്രം സൌജന്യമായി നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഐ‌എസ്‌ആര്‍‌ഒ മുന്‍ ഓഫീസറായിരുന്ന ഡോ. എം ജി ചന്ദ്രശേഖറാണ് ദേവാസ് മള്‍ട്ടിമീഡിയയുടെ ചെയര്‍മാന്‍.