ഹോളി ആഘോഷങ്ങള്‍ക്കിടെ സ്‌ത്രീകളെ ശല്യപ്പെടുത്തിയത് തടഞ്ഞതിന് പൊലീസ് കോണ്‍സ്റ്റബിളിനെ അടിച്ചുകൊന്നു. കൊല്‍ക്കത്തയിലെ ബിരാത്തിയിലെ അസിം കുമാര്‍ ദാമിനെയാണ് ഒരുസംഘം യുവാക്കള്‍ ദാരുണമായി അടിച്ചുകൊന്നത്. യുവാക്കള്‍ സ്‌ത്രീകളെ ശല്യപ്പെടുത്തിയത് തടഞ്ഞപ്പോള്‍ ഹോക്കി സ്റ്റിക്കുകളുമായി ഇദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ചുകടന്ന് കൊല്ലുകയായിരുന്നു. എന്‍റ്റാലി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു ഇദ്ദേഹം.
അക്രമികള്‍ വീട്ടിലുണ്ടായിരുന്ന പ്രായമായ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് ആക്രമിച്ചു. തലയ്‌ക്ക് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ അസിം ഞായറാഴ്ച ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി തന്നെ പൊലീസില്‍ പരാതിപ്പെട്ടുവെങ്കിലും നിംത പൊലീസ് പരാതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അടുത്തദിവസം എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനു ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
സ്ഥലം എംഎല്‍എയും സംസ്ഥാന ആരോഗ്യമന്ത്രിയുമായ ചന്ദ്രിമ ഭട്ടാചാര്യ അസീമിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും സംഭവത്തില്‍ എത്രയും വേഗം നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിട്ടുണ്ട്.
English Summary: A Kolkata police constable died on Sunday after he was beaten when he protested against eve- teasing during Holi celebrations at his home in Birati on the outskirts of Kolkata. A complaint was lodged against the seven accused with the Airport police station.