സൌമ്യ വധം: പ്രതികള്‍ റിമാന്‍ഡില്‍

Webdunia
ശനി, 4 ഏപ്രില്‍ 2009 (18:56 IST)
മലയാളിയായ ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തക, സൌമ്യ വിശ്വനാഥന്‍റെ കൊലപാതക കേസിലെ നാല് കുറ്റാരോപിതരെ കോടതി ശനിയാഴ്ച റിമാന്‍ഡില്‍ വിട്ടു.

ഡല്‍ഹി അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കിരണ്‍ ബന്‍സല്‍ ആണ് രവി കപൂര്‍, കിരണ്‍ ബന്‍സാല്‍, അമിത് കുമാര്‍ ശുക്ല, ബല്‍ജിത് മാലിക് എന്നിവരെ ഏപ്രില്‍ ഒമ്പത് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസിലെ മറ്റൊരു പ്രതിയായ അജയെ മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ഇതിനിടെ, കസ്റ്റഡിയിലിരിക്കെ തന്നെ പൊലീസ് ശാരീരിക പീഡനത്തിനു വിധേയനാക്കി എന്ന് ആരോപിച്ച് രവി കപൂര്‍ നല്‍കിയ പരാതിക്ക് തിഹാര്‍ ജയില്‍ സൂ‍പ്രണ്ട് മറുപടി ഫയല്‍ ചെയ്തു. സൂപ്രണ്ട് ഏപ്രില്‍ 4 ന് കോടതിയില്‍ ഹാജരാവണം എന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.

പൊലീസ് മര്‍ദ്ദനത്തില്‍ തന്‍റെ കാലില്‍ പൊട്ടലുണ്ടായി എന്നാണ് കപൂര്‍ പരാതിപ്പെട്ടത്. പരാതിക്ക് ശേഷം കപൂറിന്‍റെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാത്തതിലുള്ള വിശദീകരണമാണ് കോടതി ചോദിച്ചിരിക്കുന്നത്.

ഹെഡ്‌ലൈന്‍സ് ടുഡേ എന്ന ചാനലില്‍ ജോലി ചെയ്തിരുന്ന സൌമ്യയെ കഴിഞ്ഞ സെപ്തംബര്‍ 30 ന് ആണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.