സൈന്യത്തിന് മദ്യം വാങ്ങിയതില്‍ വന്‍ അഴിമതി!

Webdunia
ശനി, 30 ജൂലൈ 2011 (13:14 IST)
PRO
PRO
ഇന്ത്യന്‍ സൈന്യത്തിന് മദ്യം വാങ്ങിയ വകയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അമേരിക്കയില്‍ കണ്ടെത്തി. തങ്ങള്‍ നിര്‍മിക്കുന്ന ബ്രാന്‍‌ഡുകള്‍ വാങ്ങിപ്പിക്കാനായി ഇന്ത്യന്‍ പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദിയാഷിയോ എന്ന സ്പിരിറ്റ് കമ്പനി വന്‍ തുകകള്‍ കൈക്കൂലിയായി നല്‍‌കിയ കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ സേനയിലെ ഉന്നതര്‍ക്ക് മാത്രമല്ല ഈ കമ്പനി കൈക്കൂലി നല്‍‌കിയിട്ടുള്ളത്. ദക്ഷിണ കൊറിയ, തായ്‌ലന്‍‌ഡ് എന്നീ രാജ്യങ്ങളിലെ ഉന്നതര്‍ക്കും ഈ കമ്പനി കൈക്കൂലി നല്‍‌കിയിട്ടുണ്ട്.

2003-2009 കാലയളവില്‍ 27 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഈ കമ്പനി കൈക്കൂലിയായി നല്‍‌കിയത്. ഇതില്‍ 17 ലക്ഷവും (ഏഴരക്കോടിയോളം രൂപ) കൈപ്പറ്റിയത് ഇന്ത്യക്കാരാണ്. കൈക്കൂലി നല്‍‌കി തങ്ങളുടെ മദ്യം വാങ്ങിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ദിയാഷിയോ കമ്പനിക്ക് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന്‍ (എസ്ഇസി) 1.6 കോടി ഡോളര്‍ (70.52 കോടിയിലധികം രൂപ) പിഴയിട്ടു. അനന്തര നടപടികളില്‍നിന്നു രക്ഷപ്പെടാന്‍ കമ്പനി പിഴയടച്ചിട്ടുണ്ട്. ജോണി വാക്കര്‍ എന്ന ബ്രാന്‍ഡ് ഈ കമ്പനിയുടേതാണ്.

ഇന്ത്യയില്‍ സൈന്യത്തിന് മദ്യ വാങ്ങാനോ അതിന് അധികാരപ്പെടുത്താനോ ഉത്തരവാദിത്തമുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ക്കും മറ്റും ദിയാഷിയോ പണം നല്‍കിയിട്ടുണ്ട് എന്നാണ് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന്‍ കണ്ടെത്തിയിരിക്കുന്നത്. രാഷ്ട്രീയനേതാക്കള്‍ ആരെങ്കിലും പണം പറ്റിയിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. സേനാ കാന്റീന്‍ സ്റ്റോറുകളിലെ ഉദ്യോഗസ്ഥരെ ദീപാവലിക്കും പുതുവര്‍ഷത്തിനും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയും കമ്പനി സന്തോഷിപ്പിച്ചിട്ടുണ്ട്.

ഈ ആരോപണം പുറത്ത് വന്നതോടെ ആരോക്കെയാണ് കൈക്കൂലി വാങ്ങിയത് എന്നതിനെ പറ്റി അന്വേഷണം നടത്തണമെന്ന് മുറവിളി ഉയര്‍ന്നിട്ടുണ്ട്. 2003-ല്‍ ബിജെപിയാണ് ഇന്ത്യ ഭരിച്ചിരുന്നത്. 2004 തൊട്ട് കോണ്‍‌ഗ്രസും. ഏത് പാര്‍ട്ടിയായാലും കൈക്കൂലി എന്ന ശാപം വിട്ടൊഴിയുന്നില്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം.