സെക്സ് നിഷേധിച്ച കാമുകിയ്ക്ക് നേരെ ആസിഡ് ആക്രമണം

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2013 (12:50 IST)
PTI
PTI
സെക്സ് നിഷേധിച്ചതിന്റെ ദേഷ്യത്തില്‍ യുവാവ് കാമുകിയ്ക്ക് നേരെ ആസിഡ് ഒഴിച്ചതായി പരാതി. വിശാഖപട്ടണം ഭീമുനിപട്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 18 വയസ്സുള്ള പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ കാര്യമായ പരുക്കുകള്‍ ഇല്ല.

വിവാഹം കഴിക്കാന്‍ തീരുമാനമെടുത്ത് ബി ടെക് വിദ്യാര്‍ഥിയായ പി ഗണേഷും കാമുകിയും ഒളിച്ചോടുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ഇവര്‍ ഭീമുനിപട്നത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഗണേഷ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് എതിര്‍ത്തപ്പോഴായിരുന്നു ആസിഡ് ആക്രമണം. പരുക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ചില തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

അന്ന് രാത്രി പെണ്‍കുട്ടിയെ അവര്‍ സുരക്ഷിതയായി പാര്‍പ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിക്കുക എന്ന ഉദ്ദേശമായിരുന്നു പ്രതിയ്ക്ക് എന്ന് പൊലീസ് പറഞ്ഞു. ഇതിനായാണ് ആസിഡ് കൈയില്‍ കരുതിയതെന്നും പൊലീസ് പറഞ്ഞു.