സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലുമായി തരൂര്‍ സഹകരിച്ചെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ബസ്സി ഇക്കാര്യം അറിയിച്ചത്.
മരണദിവസത്തെ സംഭവങ്ങളും വിവരങ്ങളും തരൂരില്‍ നിന്ന് ശേഖരിച്ചു. മറുപടി വിലയിരുത്തിയ ശേഷം കൂടുതല്‍ തീരുമാനം എടുക്കും. ഐ പി എല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചോദിച്ചറിഞ്ഞെന്നും ആവശ്യമെങ്കില്‍ തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ബസ്സി പറഞ്ഞു.
പ്രത്യേകാന്വേഷണ സംഘത്തിന്റെ വസന്ത് വിഹാറിലുള്ള ഓഫീസിലായിരുന്നു ഇന്നലെ രാത്രി തരൂരിനെ ചോദ്യം ചെയ്തത്. അഡീഷണല്‍ ഡിസിപി പി എസ് കുശ്വാഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. രാത്രി 8 മണിമുതല്‍ 12 മണിവരെ ചോദ്യം ചെയ്യല്‍ നീണ്ടു. ഏതാണ്ട് ഇരുപതോളം ചോദ്യങ്ങള്‍ക്കാണ് തരൂരില്‍ നിന്ന് പൊലീസ് മറുപടി തേടിയത്.
വൈകിട്ട് ഡല്‍ഹിയിലെത്തിയ തരൂര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പോലീസിന് മുന്നില്‍ ഹാജരായത്. സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കാളിയാകാന്‍ ക്രിമിനല്‍ നടപടിച്ചട്ടം 160 പ്രകാരം തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസയച്ചിരുന്നു.