സുനന്ദയുടെ കൊലപാതകം: അന്വേഷണവുമായി സഹകരിക്കുമെന്ന് മെഹര്‍ തരാര്‍

Webdunia
വ്യാഴം, 8 ജനുവരി 2015 (12:12 IST)
സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ . അതേസമയം, സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയര്‍ന്നു വരുന്നതില്‍ മെഹര്‍ തരാര്‍ അതൃപ്തയാണെന്നാണ് റിപ്പോര്‍ട്ട്.
 
സുനന്ദയുടെ ട്വീറ്റിന് മറുപടി അയച്ചതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് മെഹര്‍ ഒരു ദേശീയ വാര്‍ത്താചാനലിനോട് പറഞ്ഞു. ട്വിറ്ററില്‍ മറുപടി കൊടുത്തതിന് തനിക്ക് വലിയ വില നല്‍കേണ്ടി വന്നെന്നും തന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെന്നും മെഹര്‍ പറഞ്ഞു.
 
‘കേസ് അന്വേഷിക്കുന്നവര്‍ക്ക് എന്നോട് എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ ചോദിക്കാം. അത്, എന്തു തന്നെയായാലും അതിന് ഞാന്‍ മറുപടി നല്കുന്നതായിരിക്കും’ - നാല്പത്തിയാറുകാരിയായ മെഹര്‍ തരാര്‍ പറഞ്ഞു. തന്നെ കണ്ടാല്‍ ഐ എസ് ഐ ഏജന്റിനെ പോലെ ഉണ്ടോയെന്നും മെഹര്‍ ചോദിച്ചു.