സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം

Webdunia
തിങ്കള്‍, 13 ഏപ്രില്‍ 2015 (09:24 IST)
സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് ചൊവ്വാഴ്ച വിശാഖപട്ടണത്ത് തുടക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ പടിയിറങ്ങുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.
 
സി പി എമ്മിന്റെ 21ആ‍മത് പാര്‍ട്ടി കോണ്‍ഗ്രസിനാണ് തിങ്കളാഴ്ച വിശാഖപട്ടണത്ത് കൊടി ഉയരുന്നത്. പാര്‍ട്ടി ഇതുവരെ തുടര്‍ന്നു വന്ന അടവുനയ രേഖയിലെ തിരുത്തും പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ട്. ചരിത്രത്തില്‍ ആദ്യമായി എസ് യു സി ഐയും സി പി ഐ (എം എല്‍ ‍)ഉം ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിന് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. 
 
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനാത്തു നിന്ന് കാരാട്ട് പടിയിറങ്ങുമ്പോള്‍ പുതിയത് ആരായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരുടെ പേരുകളാണ് സജീവമായി നിലനില്ക്കുന്നത്. പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിന്റെ പിന്തുണ യെച്ചൂരിക്ക് ലഭിക്കുമ്പോള്‍ കേരളഘടകത്തിന്റെ പൂര്‍ണ പിന്തുണ എസ് ആര്‍ പിക്കുണ്ട്.