സിംഗ് - വെന്‍ കൂടിക്കാഴ്ച ഇന്ന്

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2010 (08:14 IST)
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബൊയും വിയറ്റ്നാമിലെ ഹനോയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു പ്രധാനമന്ത്രിമാരും പ്രധാനപ്പെട്ട ഉഭയകക്ഷി പ്രശ്നങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.

അതിര്‍ത്തി പ്രശ്നവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ചൈന പേപ്പര്‍ വിസ നല്‍കുന്നതും ഇന്ത്യയെ അസ്വസ്ഥമാക്കുന്നുണ്ട്. കശ്മീരിലെ ഇന്ത്യന്‍ സൈനിക മേധാവിക്ക് ചൈന വിസ നിഷേധിച്ചതും പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ചൈനയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതും ഇന്ത്യക്ക് ആശങ്ക വര്‍ദ്ധിപ്പിക്കുന്ന സമയത്താണ് ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത്.

സിംഗ്-വെന്‍ കൂടിക്കാഴ്ച 30 മിനിറ്റ് നീളും. നവംബര്‍ 11 ന് സിയോളില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഒരുക്കങ്ങളെ കുറിച്ചും ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തും.

പ്രധാനമന്ത്രി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന പാദത്തിലാണ് വിയറ്റ്‌നാമില്‍ എത്തിയത്. അടുത്ത ദിവസങ്ങളില്‍ കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും ആസിയാന്‍ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം സിംഗ് ഇന്ത്യയിലേക്ക് മടങ്ങും.

വെന്‍‌ ജിയാബൊയെ കൂടാതെ ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായും സിംഗ് കൂടിക്കാഴ്ച നടത്തും.