ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പരിഷ്‌കരണ നടപടികള്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിക്ക് പ്രതിവിധിയായി പത്തിന നിര്‍ദ്ദേശങ്ങള്‍ക്ക് ധനമന്ത്രി പി ചിദംബരം പിന്തുണ തേടി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിസഭാ സമിതി നിക്ഷേപം വര്‍ധിപ്പിക്കാന്‍ 1,82,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും കൂടുതലായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിച്ച് രാജ്യത്ത് തന്നെ ഇവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കണമെന്നും ചിദംബരം പറഞ്ഞു.
സാമ്പത്തിക രംഗത്തെ നയപരമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ തടസമാകുന്നത് സഭാ സ്തംഭനവും രാഷ്ട്രീയ എതിര്‍പ്പുകളുമാണെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ സര്‍ക്കാര്‍ ഒഴിയുന്നതാണ് നല്ലതെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. വിലക്കയറ്റത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവിന്റെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക നിലയെ പറ്റി പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്.