സല്‍മാന്‍ ഖാനെതിരെ മത്സ്യത്തൊഴിലാളികളുടെ പരാതി

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2013 (12:10 IST)
PRO
PRO
നടന്‍ സല്‍മാന്‍ ഖാന്‍, അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ എന്നിവര്‍ക്കെതിരെ മത്സ്യത്തൊഴിലാളി കുടുംബം. മുംബൈ ബാന്ദ്രാ ചിംബയ് കടല്‍തീരത്തെ സല്‍മാന്റെ ബംഗ്ലാവില്‍ നിന്നുള്ള കടല്‍ക്കാഴ്ചകള്‍ക്ക് മത്സ്യതൊഴിലാളികള്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന് ആരോപിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്നാണ് ഈ കുടുംബം പറയുന്നത്.

മത്സ്യതൊഴിലാളികളുടെ ബോട്ടുകള്‍, വലകള്‍ എന്നിവ കടല്‍ക്കാഴ്ചയ്ക്ക് തടസ്സമാകുന്നു എന്നാണ് സല്‍മാനും അംഗരക്ഷകരും പറയുന്നത്. ബോട്ടുകള്‍ ഇവിടെ നിന്ന് നീക്കണമെന്നും വലകള്‍ എടുത്തുമാറ്റണം എന്നും പറഞ്ഞാണ് ഭീഷണി എന്ന് ലോറന്‍സ് ഫാല്‍ക്കണ്‍ എന്ന മത്സ്യതൊഴിലാളി പറഞ്ഞു. സല്‍മാനും അംഗരക്ഷകര്‍ക്കുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

തങ്ങള്‍ മൂന്ന് തവണ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. 2011 സെപ്തംബറിലും 2012 മെയ്, ഡിസംബര്‍ മാസങ്ങളിലുമാണ് പരാതി നല്‍കിയത്.

2011 ലാണ് സല്‍മാന്‍ ചിംബയ് കടല്‍തീരത്ത് ‘ബെല്ലെ വ്യൂ’, ‘ബെനാര്‍’ എന്നിങ്ങനെ പേരുള്ള രണ്ട് ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത്. അപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ തങ്ങളെ ഉപദ്രവിക്കുകയാണ് എന്നാണ് മത്സ്യതൊഴിലാളി കുടുംബം പറയുന്നത്.