സല്‍മാന്‍ അമേരിക്കയിലേക്ക് പോവുന്നില്ല

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2009 (12:09 IST)
IFM
ഷാരൂഖ് ഖാന്റെ അമേരിക്കന്‍ യാത്ര ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ഖാന്‍ തന്റെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. തന്റെ പുതിയ ചിത്രമായ “വാണ്ടഡ്” ന്റെ പ്രചാരണത്തിനും സ്വന്തമായി വരച്ച ചിത്രങ്ങളുടെ ലേലത്തിലും പങ്കെടുക്കാനായാണ് യാത്ര തീരുമാനിച്ചിരുന്നത്.

സെപ്തംബര്‍ മൂന്നിന് ന്യൂയോര്‍ക്കിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഹൂസ്റ്റണ്‍, ഡള്ളാസ്, ചിക്കാഗോ എന്നിവിടങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കാനായി ശ്രമം നടക്കവെയാണ് താരത്തിന്റെ പിന്മാറ്റം.

അമേരിക്കന്‍ യാത്രയ്ക്കായി തന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വിസ നല്‍കാന്‍ വിസമ്മതിച്ചതും യാത്ര റദ്ദാക്കാന്‍ സല്‍മാനെ പ്രേരിപ്പിച്ചു എന്നാണ് സൂചന. നിര്‍മ്മാതാവ് ബോണി കപൂര്‍, മുന്‍ താരമായ ശ്രീദേവി, പ്രഭുദേവ തുടങ്ങിയവരും അമേരിക്ക സന്ദര്‍ശിക്കാനുള്ള സല്‍മാന്റെ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഷാരൂഖ് ഖാനെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ രണ്ട് മണിക്കൂര്‍ തടഞ്ഞു വച്ച് ചോദ്യം ചെയ്തത് അമേരിക്കയിലും ഇന്ത്യയിലും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇത്തരത്തില്‍ മുംബൈയില്‍ നിന്നുള്ള താരങ്ങളെ വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ നേരിടാന്‍ പ്രാദേശിക സംഘടനകളും ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.