സര്‍ദാര്‍ പട്ടേല്‍ വര്‍ഗീയവാദിയായിരുന്നില്ലെന്ന് എല്‍ കെ അദ്വാനി

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2013 (18:04 IST)
PRO
PRO
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മുസ്ലീം വിരോധി ആയിരുന്നു എന്ന ആരോപണത്തിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി രംഗത്ത്. സര്‍ദാര്‍ പട്ടേല്‍ വര്‍ഗീയവാദിയാണെന്ന തരത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ച ദേശീയ വാരികയ്‌ക്കെതിരെയാണ് തന്റെ ബ്ലോഗിലൂടെ അദ്വാനി എതിര്‍പ്പ് പ്രകടിപ്പിച്ചത്. രാജ്യത്തിന്റെ ഉരുക്ക് മനുഷ്യനെ കുറിച്ച് ഗവേഷണം നടത്തിയ ഇസ്ലാം പണ്ഡിതനും കോണ്‍സ്ര് നേതാവുമായ റഫീഖ് സക്കറിയയെ ഉദ്ധരിച്ചാണ് പട്ടേലിന്റെ രാജ്യസ്‌നേഹത്തെ കുറിച്ച് അദ്വാനി പ്രതികരിച്ചത്. ലേഖനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ മതേതരത്വത്തിന്റെയും സര്‍ദാര്‍ പട്ടേലിനെ വര്‍ഗീയതയുടെയും പ്രതീകമായി ചിത്രീകരിക്കാനുള്ള ശ്രമം ആശ്ചര്യകരമാണെന്ന് അദ്വാനി പ്രതികരിച്ചു.

സംഘപരിവാര്‍ പട്ടേലിനെ ആദരിക്കുകയും നെഹ്‌റുവിനെ വെറുക്കുകും ചെയ്യുന്നതിന്റെ കാരണം ഇതാണെന്നും ലേഖനത്തില്‍ എഴുതിയിരുന്നു. സക്കറിയയുടെ സര്‍ദാര്‍ പട്ടേലും ഇന്ത്യന്‍ മുസ്ലീങ്ങളും എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് ലേഖനത്തിലെ വാദങ്ങളെ അദ്വാനി പ്രതിരോധിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ മുസ്ലീം വിരോധിയാണെന്നായിരുന്നു ആദ്യം താന്‍ കരുതിയിരുന്നത്. എന്നാല്‍ പട്ടേലിനെ കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ അത് വെറും തെറ്റിദ്ധാരണയാണെന്ന് മനസ്സിലായി. ഇത്തരം തെറ്റിദ്ധാരണകള്‍ എല്ലാവരും ദൂരീകരിക്കണം.

റഫീഖ് സക്കറിയയുടെ പുസ്തകത്തിലെ വരികള്‍ അദ്വാനി ബ്ലോഗില്‍ കുറിച്ചു. സര്‍ദാര്‍ പട്ടേലിന്റെ രാഷ്ട്രീയ പാരമ്പര്യം സംബന്ധിച്ച് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇടഞ്ഞിരുന്നു. പ്രധാനമന്ത്രിയാകാന്‍ നെഹ്‌റുവിനെക്കാള്‍ യോഗ്യന്‍ സര്‍ദാര്‍ പട്ടേല്‍ ആയിരുന്നെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പറഞ്ഞിരുന്നു