പാകിസ്ഥാനില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ മൃതദേഹം വിട്ടുനല്‍കുമ്പോള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍. സരബ്ജിത്തിന്റെ മരണത്തില്‍ ബാദല്‍ അനുശോചനവും രേഖപ്പെടുത്തി.
സരബ്ജിത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലും വ്യക്തമാക്കി. രാജ്യാന്തര ഏജന്‍സിയുടെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ബാദല്‍ ആവശ്യപ്പെട്ടു.
സരബ്ജിത്ത് സിംഗിന്റെ മൃതദേഹം ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. മൃതദേഹം വിട്ടുനല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
സരബ്ജിതിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം ഹെലികോപ്ടറില്‍ ഇന്ത്യയിലെത്തിക്കും എന്നാണ് വിവരം. സരബ്ജിതിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1:30നാണ് മരണം സംഭവിച്ചത്. ലാഹോറിലെ ജിന്നാ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് അധ്യക്ഷന്‍ മഹ്മൂദ് ഷൗക്കത്ത് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഹതടവുകാരുടെ ആക്രമണത്തില്‍ സരബ്ജിതിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. കോമയിലായതിലാണ് ശസ്ത്രക്രിയ നടത്താനായില്ല. സരബ്ജിതിനെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പാകിസ്ഥാന്‍ നിരാകരിക്കുകയായിരുന്നു. തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ സരബ്ജിത് കഴിഞ്ഞ രണ്ടു ദിവസമായി മസ്തിഷ്ക മരണം സംഭവിച്ച നിലയിലായിരുന്നു.
കഴിഞ്ഞ 22 വര്‍ഷമായി ലാഹോര്‍ കോട് ലഖ്പത്ത് ജയിലിലായിരുന്നു സരബ്ജിത്ത് തടവില്‍ കഴിഞ്ഞിരുന്നത്. 1990ല്‍ 14 പേര്‍ കൊല്ലപ്പെട്ട ലാഹോര്‍- ഫൈസലാബാദ് സ്ഫോടന പരമ്പരയുടെ പേരിലാണ് സരബ്ജിത്ത് സിംഗിനെ പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. വാഗയിലൂടെ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന സരബ്ജിതിനെ തീവ്രവാദിയായി തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ വാദിക്കുന്നു. സരബ്ജിതിന്റെ ആറ് ദയാഹര്‍ജികള്‍ പാകിസ്ഥാന്‍ തള്ളിയിരുന്നു.
പാക് ഭീകരന്‍ അജ്മല്‍ കസബ്, പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരു എന്നിവരുടെ വധശിക്ഷ നടപ്പാക്കിയശേഷം സരബ്ജിതിന് ജയിലില്‍ കടുത്ത ഭീഷണി നേരിട്ടിരുന്നു.