സനാവുളളയുടെ നില ഗുരുതരം; പാക്‌ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്‌ഥര്‍ സന്ദര്‍ശിച്ചു

Webdunia
ശനി, 4 മെയ് 2013 (12:08 IST)
PTI
ജമ്മു ജയിലില്‍ സഹതടവുകാരന്റെ മര്‍ദനമേറ്റ പാക്‌ തടവുകാരന്‍ സനാവുളള (52) യുടെ നില ഗുരുതരമായി തുടരുന്നു. ചണ്ഡീഗഡിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സനാവുളളയെ പാക്‌ ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു.

പാക് ഹൈക്കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ശനിയാഴ്ച പുലര്‍ച്ചെ 3.30 ന് ഛണ്ഡിഗഡിലെ പിജിഐ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സനാഉല്ലയെ സന്ദര്‍ശിച്ചത്.

തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, സനാവുള്ളയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അബോധാവസ്ഥയിലുള്ള ഇയാള്‍ മരുന്നുകളോട് ഇനിയും പ്രതികരിച്ചു തുടങ്ങിയിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പാക് തടവുകാരന്‍ ആക്രമിക്കപ്പെട്ടതില്‍ ദു:ഖം പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രാലയം, തടവുകാരനെ കാണുന്നതിന് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ മൂന്ന് പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവര്‍ക്കും യാത്രാനുമതി നല്‍കുകയായിരുന്നു.

സനാവുള്ളയെ വിദഗ്ധ ചികിത്സക്ക് മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തി തങ്ങള്‍ക്ക് വിട്ടുതരണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാകിസ്താന്‍െറ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അതിസുരക്ഷയുള്ള ജമ്മു ജയിലില്‍ സനാവുളളഹഖ് ആക്രമിക്കപ്പെട്ടത്. പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശിയായ സനാവുളളഭീകരപ്രവര്‍ത്തനം നടത്തിയെന്നതിന് മറ്റ് അഞ്ചു പേര്‍ക്കോപ്പം 1999 ഏപ്രിലില്‍ അറസ്റ്റിലായത്.

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ സൈനികനായ ഉത്തരാഖണ്ഡ്‌ സ്വദേശി വിനോദ്‌ കുമാറാണ്‌ സനാവുളളയെ മണ്‍വെട്ടികൊണ്ട്‌ ആക്രമിച്ചത്‌. സംഭവത്തില്‍ വിനോദ്‌ കുമാറിനെതിരേ കേസെടുത്തു. ജയില്‍ സൂപ്രണ്ടടക്കം രണ്ട്‌ ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു.