സത്യപ്രതിജ്ഞ ചെയ്യാന്‍ എത്രയും പെട്ടെന്ന് അവസരമൊരുക്കണമെന്ന് ഗവര്‍ണറോട് നിതിഷ്

Joys Joy
തിങ്കള്‍, 9 ഫെബ്രുവരി 2015 (15:12 IST)
സത്യപ്രതിജ്ഞ ചെയ്യാന്‍ എത്രയും പെട്ടെന്ന് അവസരമൊരുക്കണമെന്ന് ഗവര്‍ണറോട് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗവര്‍ണറെ കണ്ടപ്പോഴാണ് നിതിഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കൊപ്പം 130 എം എല്‍ എമാര്‍ ഉണ്ടെന്നും നിതിഷ് കുമാര്‍ ഗവര്‍ണറെ ബോധിപ്പിച്ചു.
 
ആവശ്യമെങ്കില്‍ എം എല്‍ എമാരുമായി രാഷ്‌ട്രപതിയെ കാണാനും തയ്യാറാണെന്ന് നിതിഷ് കുമാര്‍ ഗവര്‍ണറെ അറിയിച്ചു. 
അതേസമയം, സംസ്ഥാനത്ത് രാഷ്‌ട്രീയപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ബിഹാര്‍ ഗവര്‍ണര്‍ കേസ്‌രി നാഥ് ത്രിപാഠി ഡല്‍ഹിക്ക് പോകും. 
 
ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ജെ ഡി യു നേതാവ് ശരത് യാദവ് എന്നിവരും കോണ്‍ഗ്രസിന്റെയും ഇടതിന്റെയും നേതാക്കളും നിതിഷ് കുമാറിനൊപ്പം ഉണ്ടായിരുന്നു. നിതിഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച എം എല്‍ എമാരും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, എം എല്‍ എമാരെ ഗവര്‍ണറെ കാണുന്നതിനായി അനുവദിച്ചില്ല. അതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡുകളുമായി എത്തിയ എം എല്‍ എമാര്‍ പുറത്തു കാത്തുനിന്നു. 
 
ബി ജെ പി, ജെ ഡി യുവിനെതിരെ ഗൂഡാലോചന നടത്തുന്നതായി നിതിഷ് കുമാര്‍ പറഞ്ഞു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഞ്ചി പാര്‍ട്ടിക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും നിതിഷ് കുമാര്‍ പറഞ്ഞു.