1993 മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ഏപ്രില്‍ 18ന് കീഴടങ്ങും. ദത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇതിന് മുമ്പ് പൂര്‍ത്തിയാക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 17ന് മുമ്പായി ജോലിയെല്ലാം തീര്‍ക്കാനാണ് അദ്ദേഹത്തിന് തീരുമാനം. ഇപ്പോള്‍ ഡബിള്‍ ഷിഫ്റ്റില്‍ ആണ് അദ്ദേഹം ജോലി ചെയ്യുന്നത്, പകല്‍ ഷൂട്ടിംഗും രാത്രി ഡബ്ബിംഗും.
സുപ്രീംകോടതി വിധി അനുസരിച്ച് താന്‍ കീഴടങ്ങുമെന്നും ശിക്ഷാ ഇളവിന് അപേക്ഷ നല്‍കില്ലെന്നും ദത്ത് കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ശിക്ഷാഇളവ് നല്‍കി ദത്തിനെ വിട്ടയക്കണമെന്ന് സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. ശിക്ഷാ ഇളവ് നല്‍കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും 60ലേറെ അപേക്ഷകളാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന് ലഭിച്ചിരിക്കുന്നത്. ഇതില്‍ തീരുമാനം എടുക്കുന്നതിനായി അദ്ദേഹം ഇവ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള വ്യക്തികളും സംഘടനകളുമാണ് നിവേദനം നല്‍കിയിരിക്കുന്നത്.
മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ച് വര്‍ഷം തടവുശിക്ഷയാണ് ദത്തിന് സുപ്രീംകോടതി വിധിച്ചത്. കേസില്‍ കീഴ്ക്കോടതി ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെതിരെ ദത്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഒന്നരവര്‍ഷം തടവില്‍ കിടന്ന അദ്ദേഹം ഇനി മൂന്നര വര്‍ഷം കൂടി ജയിലില്‍ കഴിയണം. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചു എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം.