സഞ്ജയ് ദത്തിന് ജയിലില്‍ മദ്യം ലഭിച്ചിരുന്നതായി ആരോപണം

Webdunia
ശനി, 14 ഡിസം‌ബര്‍ 2013 (14:12 IST)
PTI
PTI
1993 മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്തിന് പൂനെ യെര്‍വാഡ ജയിലില്‍ മദ്യം ലഭിച്ചിരുന്നതായി ബിജെപിയുടെ ആരോപണം. ദത്തിന് ജയിലിനുള്ളില്‍ ബിയറും റമ്മും ലഭ്യമാക്കിയിരുന്നു എന്നാണ് ആരോപണം. ജയിലിലെ ചില പൊലീസുകാരാണ് ദത്തിന് മദ്യം എത്തിച്ച് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വിനോദ് ടാവ്‌ദെ ആരോപിച്ചു.

അതേസമയം ദത്തിന് വീണ്ടും പരോള്‍ നല്‍കിയതിക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‍. ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ പരോള്‍ അനുവദിക്കണമെന്ന ദത്തിന്റെ ആവശ്യം പരിഗണിച്ച് ഒരു മാസത്തെ പരോള്‍ ആണ് പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. തന്റെ ചികിത്സയ്ക്കു വേണ്ടി ഒക്ടോബറില്‍ 14 ദിവസത്തെ പരോള്‍ ദത്തിന് അനുവദിക്കുകയും പിന്നീട് ഇത് രണ്ടാഴ്ച കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഭാര്യയ്ക്ക് ശസ്ത്രക്രിയ വേണമെന്നും മകള്‍ക്ക് സുഖമില്ലെന്നും കാണിച്ച് അദ്ദേഹം വീണ്ടും പരോളിന് ശ്രമിക്കുകയായിരുന്നു.

മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വെച്ചു എന്ന കേസില്‍ ആണ് ദത്ത് ശിക്ഷിക്കപ്പെട്ടത്.