ഷീനയെ കൊല്ലാന്‍ സ്കൈപ്പ് വഴി ഇന്ദ്രാണിയുടെ ആസൂത്രണം, വര്‍ക്കൌട്ടായത് ‘പ്ലാന്‍ സി’ !

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (20:47 IST)
ഷീന ബോറയെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണം ഹൈടെക് സംവിധാനങ്ങളുടെ സഹായത്തോടെ എന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്കൈപ്പ് ഉപയോഗിച്ചാണ് മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുമായി ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രാണി മുഖര്‍ജി ആശയവിനിമയം നടത്തിയിരുന്നതെന്ന് മിഡ് ഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു.
 
ഫോണ്‍ കോളുകളാണെങ്കില്‍ ട്രാക്ക് ചെയ്യപ്പെടാന്‍ എളുപ്പമാണെന്ന തിരിച്ചറിവിലാണ് പദ്ധതി തയ്യാറാക്കുന്നതിനായി സ്കൈപ്പിനെ ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും ആശ്രയിച്ചത്. പ്ലാന്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് ഇന്ദ്രാണിയും സഞ്ജീവും തയ്യാറാക്കിയത്. ഇതില്‍ പ്ലാന്‍ സിയാണ് ഷീന ബോറയെ ഇല്ലാതാക്കാനായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.
 
സ്കൈപ്പ് ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് ഇന്ദ്രാണിക്കെതിരായ ഏറ്റവും ശക്തമായ തെളിവായി മാറും.
 
അതേസമയം, ഷീനയുടെയും മിഖൈലിന്റെയും അച്‌ഛന്‍ താനാണെന്ന് കൊല്‍ക്കത്തയില്‍ പൊലീസ് അറസ്റ്റ് ചെയ്ത സിദ്ധാര്‍ത്ഥ് ദാസ് വ്യക്തമാക്കി. ഡി എന്‍ എ പരിശോധന നടത്താന്‍ താന്‍ തയ്യാറാണെന്നും സിദ്ധാര്‍ത്ഥ് ദാസ് പറഞ്ഞു.
 
താന്‍ ഇന്ദ്രാണി മുഖര്‍ജിയെ വിവാഹം ചെയ്തിട്ടില്ലെന്നും തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതിനിടയിലാണ് ഷീനയും മിഖൈലും പിറന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. താനും ഇന്ദ്രാണിയും വിവാഹിതരാകാതെ ഒരുമിച്ച് കഴിഞ്ഞ് വരികയായിരുന്നു. 1989ല്‍ ഇന്ദ്രാണി തന്നെ ഉപേക്ഷിച്ച് പോയതാണെന്നും അതിനു ശേഷം ഒരിക്കല്‍ പോലും ഇന്ദ്രാണിയെ കണ്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.