ഷീനയെ കൊന്നത് ഇന്ദ്രാണിയും മുന്‍‌ഭര്‍ത്താവും ഡ്രൈവറും ചേര്‍ന്ന്

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (21:43 IST)
ഷീന ബോറയെ കൊലപ്പെടുത്തിയത് മാതാവ് ഇന്ദ്രാണി മുഖര്‍ജിയും ഇന്ദ്രാണിയുടെ ആദ്യ ഭര്‍ത്താവും ഡ്രൈവറും ചേര്‍ന്നാണെന്ന് മുംബൈ പൊലീസ്. ഇക്കാര്യം ഇന്ദ്രാണി ഖര്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാം‌വര്‍ റായിയും മകളെ കൊലപ്പെടുത്താന്‍ തന്നോടൊപ്പമുണ്ടായിരുന്നു എന്നാണ് ഇന്ദ്രാണിയുടെ കുറ്റസമ്മതം.
 
2012 ഏപ്രില്‍ 24ന് കാറിനുള്ളില്‍ വച്ച് ഷീനയെ ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. അതേദിവസം തന്നെ അവര്‍ റായിഗഡിലേക്ക് വാഹനമോടിക്കുകയും അവിടെവച്ച് മൃതദേഹം നശിപ്പിക്കുകയും ചെയ്തു. മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.
 
ആയുധം കൈവശം വച്ച കേസില്‍ ശ്യാം‌വര്‍ റായി അറസ്റ്റിലാകുമ്പോഴാണ് ഷീന ബോറയുടെ മരണത്തേക്കുറിച്ചും പുറം‌ലോകമറിയുന്നത്. ഷീന ബോറയെ കാണാതായതിനെക്കുറിച്ച് പരാതികള്‍ ലഭിക്കാത്തതിനാല്‍ അക്കാര്യം രഹസ്യമായി തുടരുകയായിരുന്നു.
 
ഷീന ബോറ തന്‍റെ സഹോദരിയാണെന്നാണ് ഇന്ദ്രാണി മുഖര്‍ജി മുമ്പ് ഏവരെയും പരിചയപ്പെടുത്തിയിരുന്നത്. ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍ ഷീന ബോറ ഇന്ദ്രാണി മുഖര്‍ജിയുടെ സഹോദരിയല്ല മകളാണെന്നാണ് ഒടുവില്‍ വെളിപ്പെടുത്തലുണ്ടായത്‍. ഓഗസ്റ്റ് 31 വരെ ഇന്ദ്രാണി മുഖര്‍ജിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
 
ഷീന ബോറയുടെ സഹോദരന്‍ മിഖൈല്‍ ബോറയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരി അല്ലെന്നും മകളാണെന്നും ആയിരുന്നു മിഖൈല്‍ ബോറയുടെ വെളിപ്പെടുത്തല്‍. ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് മിഖൈല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
 
സഹോദരിയെക്കുറിച്ച് താന്‍ നിരന്തരം അമ്മയോട് ചോദിക്കാറുണ്ടായിരുന്നു എന്നും എന്നാല്‍, സഹോദരി വിദേശത്താണെന്നും വളരെ തിരക്കിലായതിനാല്‍ സംസാരിക്കാന്‍ പോലും അവര്‍ക്ക് സമയമില്ലെന്നുമായിരുന്നു അമ്മയുടെ മറുപടിയെന്നും മിഖൈല്‍ മുഖര്‍ജി വെളിപ്പെടുത്തി.
 
അതേസമയം, ഷീന തന്റെ ഇളയ മകനുമായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ ഇന്ദ്രാണി ഈ ബന്ധം ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും പറഞ്ഞിരുന്നു.

ചിത്രത്തിന് കടപ്പാട്: ഷീന ബോറയുടെ ഫേസ്ബുക്ക് പേജ്