ശ്രീലങ്കന്‍ നാവികസേന 65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്തു

Webdunia
ബുധന്‍, 31 ജൂലൈ 2013 (11:06 IST)
PRO
PRO
ശ്രീലങ്കന്‍ നാവികസേന 65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്തു. അതിര്‍ത്തിലംഘിച്ച് ശ്രീലങ്കയുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്തത്. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ഒമ്പത് മത്സ്യബന്ധനബോട്ടുകളും ശ്രീലങ്കന്‍ നാവികസേനാ പിടിച്ചെടുത്തു.

ശ്രീലങ്കന്‍ നാവികസേനയുടെ വക്താവ് കൊസാല വര്‍ണകുലസൂരിയയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്തതെന്ന് അറിയിച്ചത്. മുല്ലത്തീവിനും പോയിന്റ് പെദ്രോയ്ക്കും അടുത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നും ഇവരെ ട്രിങ്കോമാലിയില്‍ എത്തിച്ച് അധികൃതര്‍ക്ക് കൈമാറിയതായും വര്‍ണകുലസൂരിയ അറിയിച്ചു.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ലങ്കന്‍ ജലാതിര്‍ത്തി കടക്കുന്നത് മനപ്പൂര്‍വ്വമാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ്ര രാജപക്സെ ആരോപിച്ചിരുന്നു. തുടര്‍ന്ന് ശ്രീലങ്കന്‍ സാമ്പത്തികവികസന മന്ത്രിയുമായ ബാസില്‍ രജപക്‌സെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ചര്‍ച്ചക്കായി ശ്രീലങ്കയിലേക്ക് ക്ഷണിച്ചിരുന്നു. മഹിന്ദ്ര രാജപക്സെയുടെ സഹോദരനാണ് ബാസില്‍ രജപക്‌സെ.