ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: 5 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 13 മാര്‍ച്ച് 2013 (14:24 IST)
PRO
PRO
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ശക്തമായ തീവ്രവാദി ആക്രമണം. നഗരമധ്യത്തില്‍ ബുധനാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഏഴ് ജവാന്മാര്‍ക്ക് പരുക്കേറ്റു. മൂന്ന് പ്രദേശവാസികള്‍ക്കും പരുക്കേറ്റു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി.

ബെമിന പബ്ലിക് സ്കൂളിന് തൊട്ടടുത്തുള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ് ക്രിക്കറ്റ് കളിക്കാരുടെ വേഷത്തില്‍ എത്തിയ തീവ്രവാദികള്‍ സ്കൂള്‍ ആക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നത് എന്നാണ് വിവരം. സ്കൂളിന് ഇന്ന് അവധി ആയിരുന്നു. എന്നാല്‍ കുട്ടികള്‍ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. ശ്രീനഗറിലെ പൊലീസ് ഉന്നതരുടെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും മക്കള്‍ പഠിക്കുന്ന സ്കൂള്‍ ആണിത്. എന്നാല്‍ സിആര്‍പിഎഫ് ജവാന്മാര്‍ തീവ്രവാദികളെ തുരത്തുകയായിരുന്നു.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനഗറില്‍ തീവ്രവാദി ആക്രമണം നടക്കുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ ശേഷം കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.