ശീതകാല സമ്മേളനത്തില്‍ എല്ലാ ബില്ലുകളും പാസാക്കാന്‍ കഴിയില്ലെന്ന് ചിദംബരം

Webdunia
ബുധന്‍, 5 ഫെബ്രുവരി 2014 (17:27 IST)
PRO
PRO
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ഒഴികെയുള്ള മറ്റു ബില്ലുകള്‍ പാസാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം പറ‍‌ഞ്ഞു. പതിവു പോലെ പാര്‍ലമെന്റ് ചേരുകയും പിന്നീട് വെറും കൈയോടെ മടങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ധനവിനിയോഗ ബില്‍,​ വോട്ട് ഓണ്‍ അക്കൗണ്ട് എന്നിവ ചര്‍ച്ച കൂടാതെ പാസായേക്കാം. എന്നാല്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്നതിനോട് യോജിപ്പില്ലെന്നും ചിദംബരം പറ‍ഞ്ഞു. തെലുങ്കാന സംസ്ഥാന രൂപീകരണ ബില്ലും അഴിമതി തടയാനുള്ള ബില്ലുകളുമാണ് പാര്‍ലമെന്റിന്റെ പ്രഥമ പരിഗണനയിലുള്ളത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന സമ്മേളനത്തിലെ രണ്ടാംഘട്ടം ഇന്നു ചേര്‍ന്നിരുന്നെങ്കിലും ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ബഹളം കാരണം രണ്ടു മണിവരെ രാജ്യസഭയും നിര്‍ത്തിവച്ചു.