ശക്തിമില്‍ കൂട്ടമാനഭംഗം: കുറ്റപത്രം നാളെ സമര്‍പ്പിക്കും

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (12:50 IST)
PTI
ശക്തിമില്‍ കൂട്ടമാനഭംഗക്കേസിന്റെ കുറ്റപത്രം പൊലീസ് നാളെ സമര്‍പ്പിക്കും. ശക്തിമില്‍ കോമ്പൗണ്ടില്‍ വച്ച് റിപ്പോര്‍ട്ടറെ ആക്രമിച്ച് അവശനാക്കി ട്രെയിനി ഫോട്ടോഗ്രാഫറായ പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു.

കേസിലെ നാല് പ്രതികളായ വിജയ് ജാധവ്, കാസിം ബംഗാളി, സലീം അന്‍സാരി, ഷിറാസ് റഹ്മാന്‍ ഖാന്‍ എന്നിവര്‍ സപ്തംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി ജുവനൈല്‍ ഹോമിലാണ്.

പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, പ്രതികളില്‍ ഒരാളുടെ സഹായിയായിരുന്ന 10 വയസ്സുകാരന്റെ മൊഴി, സംഭവസ്ഥലത്തുനിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ വസ്തുക്കള്‍ എന്നിവയാണ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കുന്നത്.

ഗുജറാത്തിലെയും ഹൈദരാബാദിലെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളുടെ റിപ്പോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളുടെ മൊബൈലുകളിലെ മുഴുവന്‍ വിവരങ്ങളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.