വൈ‌എസ്‌ആറിന്‍റെ പൈലറ്റ് അസ്വസ്ഥനായിരുന്നു

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2009 (15:22 IST)
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി സഞ്ചരിച്ച ബെല്‍-430 ഹെലികോപ്റ്ററിന്‍റെ പൈലറ്റ് ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ ഭാട്യ മാനസികമായി അസ്വസ്ഥനായിരുന്നെന്ന് റിപ്പോര്‍ട്ട്. 25 വര്‍ഷത്തിലധികം പരിചയമുള്ള ഭാട്യയ്ക്ക് ഇത്തരം പാളിച്ചകള്‍ വരാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

മോശം കാലാവസ്ഥയായിരുന്നിട്ടും 18 കിലോമീറ്റര്‍ ഗതിമാറ്റിക്കൊണ്ട് അദ്ദേഹം ചോപ്പര്‍ പറപ്പിച്ചു. കഠിനമായ മഴയും മോശം ദൂരക്കാഴ്ചയും ആയിരുന്നിട്ടും ഹെലികോപ്റ്റര്‍ തിരിച്ചുപറത്താന്‍ യാതൊരു ശ്രമവും നടത്താത്തതാണ് ഭാട്യയുടെ മാനസികാവസ്ഥയെക്കുറിച്ച് വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നത്. ആന്ധ്രപ്രദേശ് ഏവിയേഷന്‍ കോര്‍പറേഷനിലെ ചില അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഭാട്യ നിരന്തരമായി അപഹസിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നതായും പറയപ്പെടുന്നു.

ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന കുറ്റാന്വേഷണ വകുപ്പ് ഇക്കാര്യം കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. എപി‌എസിയില്‍ അഴിമതി നടക്കുന്നത് സംബന്ധിച്ച് രണ്ട് തവണ ഭാട്യ ഐ‌എ‌എസ് ഓഫീസര്‍മാര്‍ക്ക് തെളിവ് സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹെലികോപ്റ്ററുകളുടെ സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമാക്കല്‍, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ അഴിമതി നടക്കുന്നതായാണ് ഭാട്യ ചൂണ്ടിക്കാണിച്ചിരുന്നത്.

ആരോപണത്തിന്‍‌മേല്‍ അന്വേഷണം നടത്തുന്നതിന് പകരം എപി‌എ‌സി അധികൃതര്‍ ഭാട്യയെ വിളിച്ച് വരുത്തുകയും വിശദീകരണം ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഭാട്യയെ അപഹസിക്കുന്നതിനായി അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ജൂനിയര്‍ പൈലറ്റ്മാര്‍ക്ക് നല്‍കിയതായും മാനസികമായി തളര്‍ന്ന ഭാട്യ എയര്‍ഫോഴ്സിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആന്ധ്ര സര്‍ക്കാര്‍ 58 കോടി രൂപ മുടക്കി വാങ്ങിയ ഓഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് പറപ്പിക്കുന്നതിനുള്ള പരിശീലനത്തില്‍ നിന്ന് അധികൃതര്‍ ഭാട്യയെ ഒഴിവാക്കിയിരുന്നു. ബുധനാഴ്ച ഈ ചോപ്പറില്‍ പോകാനായിരുന്നു വൈ‌എസ്‌ആര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചോപ്പറിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നതിനാല്‍ അവസാന നിമിഷം യാത്ര ബെല്‍-430ലേക്ക് മാറ്റുകയായിരുന്നു.