ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ദുരൂഹതയില്ലെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച നാലംഗ സമിതിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിന് നടന്ന അപകടത്തിന് പിന്നില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റിന് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. അപകടത്തിന് തൊട്ടു മുന്‍പ് പൈലറ്റിന് ഹെലികോപ്റ്ററിന്‍റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നതിനാല്‍ കോപ്റ്റര്‍ ഓട്ടോ പൈലറ്റ് മോഡിലാക്കിയിരുന്നെങ്കിലും കനത്ത മഴ കാരണം ദൂരക്കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അതിവേഗത്തില്‍ ഒരു കുന്നിലിടിച്ച് തകരുകയായിരുന്നു.
നല്ലമല വനത്തിലുണ്ടായ അപകടത്തില്‍ വൈ എസ് ആറിനു പുറമെ അദ്ദേഹത്തിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ സുബ്രഹ്മണ്യന്‍, മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ എ എസ് സി വെസ്‌ലി, പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ എസ് കെ ഭാട്ടിയ എന്നിവരും കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബെല്‍-430 ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.
അപകടത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. അടുത്തിടെ ഒരു സ്വകാര്യ ചാനല്‍ അംബാനി സഹോദരന്‍മാരാണ് അപകടത്തിനു പിന്നിലെന്ന് വെളിപ്പെടുത്തിയത് വന്‍വിവാദമായിരുന്നു. അംബാനി സഹോദരര്‍ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.