മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികമാരുടെ പേരുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ രാജ്യസഭയില്‍ വെളിപ്പെടുത്തിയതിനെതിരെ പ്രതിഷേധം. സംഭവത്തെക്കുറിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തവേയാണ് കൊല്ലപ്പെട്ട സഹോദരിമാരുടെ പേരും വയസ്സും ഷിന്‍ഡെ വെളിപ്പെടുത്തിയത്. ഇത് രാജ്യസഭയെ ബഹളമയമാക്കി.
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ ഇരകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിയമം നിലനില്‍ക്കെ ഷിന്‍ഡെ നടത്തിയത് നിയമലംഘനമാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. രാജ്യസഭ പ്രതിപക്ഷ നേതാവ് നേതാവ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഷിന്‍ഡെ പരാമര്‍ശനം പിന്‍വലിച്ചു. പ്രസ്താവനയിലെ പേരുകള്‍ പരാമര്‍ശിക്കുന്ന ഭാഗം അദ്ദേഹം പിന്‍വലിക്കുകയായിരുന്നു. അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സഹോദരിമാരായ മൂന്ന് ബാലികമാരെ ബാന്ദ്രയിലെ ഗ്രാമത്തില്‍ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദാരിദ്ര്യം മൂലം ഭക്ഷണം തേടിയിറങ്ങിയ ബാലികമാരെ ആഹാരം തരാമെന്ന് പറഞ്ഞ് പാട്ടിലാക്കി പീഡിപ്പിച്ച് കൊന്ന് കിണറ്റിലെറിയുകയായിരുന്നു എന്നാണ് സൂചന. കേസിലെ പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. പിതാവ് നഷ്ടപ്പെട്ട് ബാലികമാരുടെ അമ്മ വീട്ടുവേല ചെയ്താണ് കുടുബം നോക്കിയിരുന്നത്.