വീണ്ടും തിരിച്ചടി‍; ട്രെയിൻ യാത്രക്കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (10:42 IST)
യാത്രാകൂലി ഉള്‍പെടെയുള്ള നിരക്കുകളില്‍ വര്‍ധന വരുത്താൻ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായാണ് പുറത്തുവരുന്ന സൂചന. 2017 സെപ്തംബര്‍ മുതല്‍ നിരക്കുവര്‍ധന കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 
റെയില്‍വേ നിരക്കുകളില്‍ സമയാസമയങ്ങളില്‍ ക്രമാനുഗതമായ വര്‍ധന വരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. റെയില്‍വേ എന്നത് ഒരു വ്യവസായ സ്ഥാപനമാണെന്നും യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി കാര്യക്ഷമവും സുരക്ഷിതവുമായ യാത്ര പ്രദാനംചെയ്യാന്‍ റെയില്‍വേയ്ക്ക് സാധിക്കണമെന്നും യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 
 
വര്‍ഷങ്ങളായി പല ക്ലാസുകളിലെയും നിരക്കുകള്‍ വര്‍ധന വരുത്താതെ തുടരുകയാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് റെയില്‍വേ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയിനുകളിലും എസി ക്ലാസുകളിലും തിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന വിധത്തില്‍ ചാര്‍ജ്ജ് പരിഷ്‌കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ ജനറല്‍, നോണ്‍ എസി വിഭാഗങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല.
 
Next Article