വീണ്ടും ബിജെപിക്ക് കോണ്‍ഗ്രസിന്റെ വീഡിയോ പാര. മോഡി വികസന പുരുഷനല്ല 'വിനാശ് പുരുഷ്' എന്ന് ഉമാ ഭാരതി വിശേഷിപ്പിക്കുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഇതാണ് മോഡിയുടെ യഥാര്‍ഥ ചിത്രമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീഡിയോ വെളിയില്‍ വിട്ടത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ മോഡിയെ അംഗീകരിക്കാത്തവര്‍ ഉണ്ടെന്ന സൂചന നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്‌ഷ്യം. മോഡിക്കെതിരേ വാജ്പേയി നടത്തിയ വിമര്‍ശനങ്ങളുടെ വീഡിയോയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പാരയാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.
പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെന്ന നിലയില്‍ മോഡി പ്രചരണത്തില്‍ നേടുന്ന മേല്‍ക്കോയ്‌മയെ അതിജീവിക്കാനുള്ള പുതിയ തന്ത്രമാണ് ഇത്. എന്നാല്‍ ഉമാഭാരതി ഇത് രണ്ടാം തവണയാണ് സമാന വിവാദത്തില്‍ കുടുങ്ങുന്നത്. നേരത്തേ മോഡിയല്ല വാജ്‌പേയിയാണ് മികച്ചവന്‍ എന്ന് ഉമാ ഭാരതി പറഞ്ഞതിനും കോണ്‍ഗ്രസ് വലിയ പ്രചാരം കൊടുത്തിരുന്നു. ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നിന്നാണ് ഉമാഭാരതി മത്സരിക്കുന്നത്. വ്യാഴാഴ്‌ച ആയിരുന്നു കോണ്‍ഗ്രസ് വീഡിയോ പുറത്ത് വിട്ടത്.
മോഡിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരേ ഉമാഭാരതി പറയുന്നതിന്റെ ദൃശ്യവും പുറത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് 2006 ല്‍ ഭാരതീയ ജനശക്‌തി പാര്‍ട്ടി രൂപീകരിക്കുകയും 2011 ല്‍ തിരിച്ചു വരികയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും മത്സരിക്കാനായിരുന്നു ഉമാഭാരതിക്ക് താല്‍പ്പര്യമെങ്കിലും ബിജെപി ത്സാന്‍സിയിലാണ് സ്‌ഥാനാര്‍ഥിത്വം നല്‍കിയത്.