വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളത്തിലെ പ്രശ്നങ്ങള്‍ പരിശോധിക്കാനായി കമ്മീഷനെ നിയോഗിച്ചെന്നും എന്നാല്‍ പാര്‍ട്ടിയുടെ കമ്മീഷനായതിനാല്‍ സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും കാരാട്ട് അറിയിച്ചു.
രണ്ടു ദിവസത്തെ സി പി എം നേതൃയോഗങ്ങളുടെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ച് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. വി എസിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ സംസ്ഥാന സമിതിയെടുത്ത അച്ചടക്ക നടപടി പാര്‍ട്ടി നേതൃത്വം അംഗീകരിച്ചു. എസ് പി ശ്രീധരനെതിരായ അച്ചടക്ക നടപടിക്കും അംഗീകാരം നല്‍കി. ദേശാഭിമാനി മാനേജര്‍ വരദരാജനെതിരെ ആരോപണം ഉന്നയിച്ചതിനാണ് ശ്രീധരനെതിരെ നടപടിയെടുത്തിരിക്കുന്നത്.
കേരളത്തിലെ പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ടുപോകണം. സംസ്ഥാന സര്‍ക്കാര്‍ ജനകീയ വിഷയങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സി പി എമ്മിന് കഴിയണം. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണം അന്തിമഘട്ടത്തിലാണ്. കോടതി നടപടികള്‍ തുടരുന്നതിനാല്‍ ഈ വിഷയത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല - കാരാട്ട് പറഞ്ഞു.
രാജ്യത്ത് വധശിക്ഷ ഇല്ലാതാക്കണമെന്ന് സി പി എം കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി ശിക്ഷ ജീവിതാന്ത്യം വരെയുള്ള തടവാക്കി ചുരുക്കണം. ഭക്‍ഷ്യ സുരക്ഷാ ബില്ലില്‍ അപാകതയുണ്ടെന്ന വിലയിരുത്തലും യോഗത്തിലുണ്ടായതായി ജനറല്‍ സെക്രട്ടറി അറിയിച്ചു.