വിവാഹ വാര്‍ഷികദിനത്തില്‍ ഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2012 (18:49 IST)
PRO
PRO
പത്താം വിവാഹ വാര്‍ഷികദിനത്തില്‍ ഡോക്ടര്‍ ഭാര്യയെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കുത്തിക്കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയിലെ ആശ പാര്‍ക്കില്‍ താമസിക്കുന്ന ഹരി ഓം(45)ആണ് ഭാര്യ രവീന്ദര്‍ കൌറിനെ കൊലപ്പെടുത്തിയത്. ഇവരുടെ പത്താം വിവാഹ വാര്‍ഷികദിനാഘോഷങ്ങള്‍ക്ക് ശേഷം രാത്രിയിലാണ് കൊലപാതകം നടന്നത്.

രാത്രി വൈകി ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ മൂന്ന് മണിയോട് കൂടി വഴക്കിടുകയായിരുന്നു. ഈ സമയം എട്ട് വയസുകാരിയായ മകള്‍ റിഷി അടുത്ത റൂമില്‍ കിടന്നുറങ്ങുകയായിരുന്നു.

വഴക്കിനൊടുവില്‍ ഹരി രവീന്ദറിനെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് കുതറി ഓടിയ രവീന്ദറിനെ ഹരി കറിക്കത്തി ഉപയോഗിച്ച് ഏഴ് തവണ കുത്തി വീഴ്ത്തി. ഈ സമയം കൊലപാതകം നേരില്‍ കണ്ടിരുന്ന മകള്‍ റിഷിയെയും കുത്തിവീഴ്ത്തുകയായിരുന്നു.

കൊലപാതകം ചെയ്‌തത് പുറത്ത് അറിയാതിരിക്കാന്‍ ഹരി മകളെ ഭാര്യയോടൊപ്പം നിലത്ത് കിടത്തി കൈയില്‍ മുറിവ് ഉണ്ടാക്കി അയല്‍‌വാസികളുടെ വീട്ടിലേക്ക് ഓടുകയായിരുന്നു. കുറെ മോഷ്‌ടാക്കള്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും തുടര്‍ന്ന് മോഷണ ശ്രമം തടഞ്ഞപ്പോള്‍ മോഷ്‌ടാക്കള്‍ ഭാര്യയെയും കുട്ടിയെയും കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ഹരി സമീപവാസികളോട് പറഞ്ഞത്ത്. അയല്‍‌വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

പിതാവാണ് അമ്മയെയും തന്നെയും കുത്തിയതെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയതോടെയാണ് ഹരി പ്രതിക്കൂട്ടിലാകുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യ രവീന്ദര്‍ കൌര്‍ രണ്ട് മാസം മുന്‍പ് വളര്‍ച്ചയെത്താത്ത കുഞ്ഞിനെ പ്രസവിച്ചിരുന്നെന്നും എന്നാല്‍ കുഞ്ഞ് മരിക്കുകയായിരുന്നുവെന്നും ഹരി പറഞ്ഞു. ഈ വഴി തനിക്ക് ഒരുപാട് പണം നഷ്ടം വന്നതായും മാനസികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഹരി കൂട്ടിച്ചേര്‍ത്തു.