വിവാഹത്തിന് വിസമ്മതിച്ചു; 15കാരിയെ രണ്ടാനമ്മ തീവെച്ചു

ശനി, 11 മെയ് 2013 (19:41 IST)
PRO
PRO
വിവാഹത്തിന്‌ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന്‌ 15 കാരിയെ തീവെച്ച കേസില്‍ രണ്ടാനമ്മ ഉള്‍പ്പെടെ മൂന്ന്‌ പേര്‍ അറസ്‌റ്റില്‍. പശ്‌ചിമ ബംഗാളിലെ ഹൂഗ്‌ളി ജില്ലയില്‍ നടന്ന സംഭവത്തില്‍ റോഷനാരാ ഖാറ്റൂണ്‍ എന്ന പെണ്‍കുട്ടിക്കായിരുന്നു ഈ ദുര്‍വ്വിധി. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അറംബാഗ്‌ സബ്‌ ഡിവിഷണല്‍ ആശുപത്രിയില്‍ ഗുരുതരമായ നിലയില്‍ ചികിത്സയില്‍ കഴിയുകയാണ്‌.

കേസുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ രണ്ടാനമ്മ ദോലാരാ ബീഗത്തേയും കുടുംബത്തിലെ മറ്റ്‌ രണ്ടുപേരെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. കൊലപാതക ശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാത്ത അനേകം കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. പ്രായ പൂര്‍ത്തയാകാത്ത പെണ്‍കുട്ടിയെ രണ്ടാനമ്മ നിര്‍ബ്ബന്ധിച്ച്‌ വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട്‌ എത്തിയ നാട്ടുകാര്‍ പെട്ടെന്ന്‌ തന്നെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുകയാരുന്നു. കുറ്റവാളികളെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതും അയല്‍ക്കാര്‍ തന്നെയായിരുന്നു.

നന്നായി പഠിക്കുന്ന പെണ്‍കുട്ടിയെ രണ്ടാനമ്മ നിരന്തരം പീഢിപ്പിക്കുമായിരുന്നെന്ന്‌ നാട്ടുകാര്‍ പോലീസിനോട്‌ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്നും 87 കിലോമീറ്റര്‍ അകലെയുള്ള ഹൂഗ്‌ളി ജില്ലയിലെ ഖനാക്കുളിലെ താമസക്കാരിയായിരുന്ന പെണ്‍കുട്ടി ഒമ്പതാംക്‌ളാസ്സ്‌ വിദ്യാര്‍ത്ഥിനിയും സ്‌കൂളിലെ തന്നെ മിടുക്കിയുമായിരുന്നു.

വെബ്ദുനിയ വായിക്കുക