അറ്റ്ലി സംവിധാനം ചെയ്ത് ഇളയദളപതി വിജയ് അഭിനയിച്ച മെർസൽ ബോക്സ് ഓഫീസിൽ വമ്പൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. മെർസലിൽ ബിജെപി വിരുദ്ധമായ പ്രസ്താവനകൾ ഉണ്ടെന്ന് കാണിച്ച് ബിജെപി പ്രവർത്തകർ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു.
സംഭവത്തിൽ മെർസലിനു പിന്തുണ നൽകി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, സംവിധായകനും നടനുമായ സമുദ്രക്കനിയും മെർസലിനോടൊപ്പമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു. ഒരിക്കൽ സെൻസർ ചെയ്ത മെർസൽ വീണ്ടുമൊരിക്കൽ കൂടി സെൻസർ ചെയ്യേണ്ട ആവശ്യമില്ലെന്നും സമുദ്രക്കനി റിപ്പോർട്ടൻ ചാനലിനോട് പ്രതികരിച്ചു.
ഇത്തരമൊരു കാര്യം സിനിമയിലൂടെ പറയുമ്പോൾ അത് കൂടുതൽ പ്രേക്ഷകരിലേക്ക് നേരിട്ടെത്തുന്നു എന്ന ഭയമാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് സമുദ്രക്കനി പറഞ്ഞു. വിവാദങ്ങൾ എത്രയുണ്ടായാലും ഈ വിഷയത്തിൽ എന്തൊക്കെ സംഭവിച്ചാലും താൻ വിജയ്യ്ക്കും അറ്റ്ലിക്കും മെർസലിന്റെ അണിയറ പ്രവർത്തകർക്കും ഒപ്പമാണെന്ന് സമുദ്രക്കനി വ്യക്തമാക്കി.