വരുന്നു നാശത്തിന്റെ ദിനങ്ങള്‍: ‘സൂര്യന്‍ ഇരുണ്ടുതുടങ്ങും, ചന്ദ്രന്‍ ചോരയുടെ നിറമണിയും’

Webdunia
ബുധന്‍, 9 ഏപ്രില്‍ 2014 (13:05 IST)
PRO
PRO
നാശത്തിന്റെ ദിനങ്ങള്‍ വരുന്നു. വിശ്വാസികള്‍ ഭയക്കുന്ന ആ ദിനങ്ങള്‍ വരികയാണ്. അപൂര്‍വ ജ്യോതിശാസ്‌ത്ര പ്രതിഭാസമായ രക്തചന്ദ്ര പരമ്പരയിലെ ആദ്യ ഉദയത്തെയാണ് ഇത്തരത്തില്‍ ഭയപ്പാടോടെ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കാണുന്നത്. ആദ്യ ഉദയം വിഷു ദിനമായ ഏപ്രില്‍ 15ന് നടക്കും. നാല് സമ്പൂര്‍ണ ചന്ദ്രഗ്രഹണങ്ങള്‍ അടങ്ങുന്ന ടെട്രാഡ് (ചതുര്‍ഗ്രഹണം)​ എന്ന പ്രതിഭാസം ഈ നൂറ്റാണ്ടില്‍ എട്ടു തവണ സംഭവിക്കുമെന്ന് ശാസ്ത്ര പ്രവചനം.

ക്രൈസ്തവ വിശ്വാസമനുസരിച്ച് നാശത്തിന്റെ ദിനങ്ങളെയാണ് രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ വിളംബരം ചെയ്യുന്നത്. ബൈബിള്‍ വാചകങ്ങളാണ് ഇതിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കുന്നത്. ബൈബിള്‍ പറയുന്നു: “ദൈവത്തിന്റെ മഹത്തായതും ഭയാനകവുമായ ദിവസം വരുന്നതിനുമുന്പ് സൂര്യന്‍ ഇരുണ്ടുതുടങ്ങും,​ ചന്ദ്രന്‍ ചോരയുടെ നിറമണിയും“. ജൂതകലണ്ടറിലെ രണ്ട് പ്രധാന ദിനങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതും അശുഭമാണെന്നും പറയുന്നു.

സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവക്കുന്ന പ്രതിഭാസം (Blood Moon) ഏപ്രില്‍ 14​,​ 15 തിയതികളില്‍ ദൃശ്യമാകും. 2014 ഏപ്രില്‍,​ ഒക്ടോബര്‍,​ 2015 ഏപ്രില്‍,​ സെപ്റ്റംബര്‍ എന്നിവയാണ് സമ്പൂര്‍ണമായ ചതുര്‍ ചന്ദ്രഗ്രഹണങ്ങള്‍ അരങ്ങേറുന്ന ദിനങ്ങള്‍. ഇതില്‍ ആദ്യത്തേതുതന്നെ രക്തചന്ദ്രനായി മാറുന്നതും അപൂര്‍വം. ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി പ്രത്യക്ഷപ്പെടുകയും ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറയ്ക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ മാര്‍ഗഭ്രംശം സംഭവിച്ച് ചന്ദ്രനില്‍ പതിക്കുമ്പോഴാണ് രക്ത ചന്ദ്രനായി മാറുന്നത്.

ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ചുള്ള ചതുര്‍ഗ്രഹണങ്ങള്‍ 2001നും 2100-നുമിടയ്ക്ക് എട്ടുതവണയാണ് സംഭവിക്കുന്നത്. ഒരു നൂറ്റാണ്ടില്‍ ഇത്രയും ചതുര്‍ഗ്രഹണങ്ങള്‍ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനത്തെ ചതുര്‍ഗ്രഹണം 1967-68 വര്‍ഷങ്ങളിലാണ് സംഭവിച്ചത്. ഈ നൂറ്റാണ്ടിലെ ആദ്യത്തേത് 2003-04 വര്‍ഷങ്ങളിലും.

വിശ്വാസികളുടെ ചങ്കിടിപ്പേറുമെങ്കിലും ശാസ്ത്രലോകം അത്യന്തം കൌതുകത്തോടെയാണ് പ്രതിഭാസത്തെ കാണുന്നത്.