ലോക്പാല്‍, ഹസാരെയുടെ ശ്രമം വിജയിച്ചില്ല

Webdunia
തിങ്കള്‍, 4 ജൂലൈ 2011 (09:41 IST)
PTI
ലോക്പാല്‍ കരട് ബില്ല് രൂ‍പീകരണത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ അണ്ണാ ഹസാരെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ഞായറാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന്റേത് അല്ലാത്ത കരട് ബില്ലിനെ കുറിച്ച് അഭിപ്രായം പറയാന്‍ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ വിസമ്മതം പ്രകടിപ്പിച്ചു.

സര്‍വകക്ഷി സമ്മേളനത്തില്‍ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കരടുകള്‍ കൊണ്ടുവന്നത് വിമര്‍ശനത്തിനു കാരണമായി. പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരിക, എം‌പിമാരുടെ പ്രവര്‍ത്തനങ്ങള്‍ ബില്ലിന്റെ കീഴിലാക്കുക തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളില്‍ അഭിപ്രായം പറയാന്‍ മിക്ക കക്ഷികളും തയ്യാറായില്ല.

സര്‍ക്കാരിന്റെ പ്രതിനിധികള്‍ തയ്യാറാക്കിയ ബില്ല് സര്‍ക്കാരിന്റേതായി അംഗീകരിക്കാനാവില്ല. അതിനാല്‍ സര്‍ക്കാരിന്റെ സ്വന്തം ബില്ല് കൊണ്ടുവരുമ്പോള്‍ പാര്‍ലമെന്റില്‍ അഭിപ്രാ‍യം പറയാം എന്ന നിലപാടാണ് രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ചത്.

അതേസമയം, പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ഡി‌എം‌കെ ആവശ്യപ്പെട്ടതും അതിന്റെ കോണ്‍ഗ്രസുമായി അടുപ്പം കാട്ടുന്ന എഐ‌എ‌ഡി‌എംകെ പ്രതിരോധിച്ചതും ശ്രദ്ധേയമായി.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ശക്തവും ഭരണഘടനയുടെ നടപടിക്രമങ്ങള്‍ പാലിക്കുന്നതുമായ ഒരു ബില്ല് സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ ഭരണ കക്ഷിയും പ്രതിപക്ഷ കക്ഷികളും മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ തീരുമാനിച്ചു. വര്‍ഷകാല സമ്മേളനത്തില്‍ തന്നെ സുശക്തമായ ബില്ല് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.