ലോക്പാല്‍: സന്തോഷ് ഹെഗ്ഡെ രാജിവയ്ക്കില്ല

Webdunia
ശനി, 23 ഏപ്രില്‍ 2011 (14:33 IST)
PRO
കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്ഡെ ലോക്പാല്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കാനുള്ള തീരുമാ‍നം ഉപേക്ഷിച്ചു. സമിതി ചെയര്‍മാന്‍ പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടത് അനുസരിച്ചാണ് അന്തോഷ് ഹെഗ്ഡെ രാജി തീരുമാനം മാറ്റിയത്.

ലോക്പാല്‍ സമിതി അംഗങ്ങളുടെ നേര്‍ക്കുള്ള ആരോപണങ്ങള്‍ ഗൂഡാലോചനയുടെ ഫലമാണ്. ആരോപണങ്ങള്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല എന്നും ഹെഗ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, പൊതുസമൂഹത്തില്‍ നിന്നുള്ള സമിതി അംഗങ്ങളുടെ യോഗത്തിനു ശേഷം മാത്രമേ ആരോപണ വിധേയരായ ശാന്തി ഭൂഷണും മകന്‍ പ്രശാന്ത് ഭൂഷണും സമിതിയില്‍ തുടരുമോ എന്ന് അറിയാന്‍ സാധിക്കൂ. സമിതിയിലെ എല്ലാ അംഗങ്ങളും തുടരണമെന്നാണ് അണ്ണാ ഹസാരെ ആഗ്രഹിക്കുന്നത്. എത്രയും പെട്ടെന്ന് കരട് സമര്‍പ്പിച്ച ശേഷം സമിതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ഹസാരെ ആഗ്രഹിക്കുന്നത്.

അതേസമയം, ആരോപണ വിധേയരായ ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും ലോക്പാല്‍ സമിതിയില്‍ നിന്ന് പുറത്തു പോകണം എന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രകടനം നടത്തി. ആരോപണം തെറ്റെന്ന് തെളിയുന്നതു വരെ ഇവര്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് സംഘടനകളുടെ നിലപാട്.