ലാല്‍ഗഡില്‍ സംയുക്ത സേനയുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്കൂളിനു നേര്‍ക്ക് ചൊവ്വാഴ്ച രാത്രി മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. ക്യാമ്പിനു നേര്‍ക്ക് വെടിവയ്പും ബോംബേറും നടന്നതായി പൊലീസ് പറഞ്ഞു.
പടിഞ്ഞാറന്‍ മിഡ്നാപ്പൂര്‍ ജില്ലയിലെ ലാല്‍ഗഡ് പൊലീസ് സ്റ്റേഷനു സമീപമുള്ള രാമകൃഷ്ണ വിദ്യാലയത്തിനു നേര്‍ക്കായിരുന്നു ആക്രമണം നടന്നത്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നിര്‍ത്തിയത്. വെടിവയ്പില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ലാല്‍ഗഡില്‍ നിന്ന് കേന്ദ്ര സേനയെ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു കേന്ദ്ര മന്ത്രി ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടത്. നേരത്തെ, ഗോത്രവര്‍ഗ്ഗ സ്ത്രീകള്‍ നടത്തിയ ഒരു പ്രകടനത്തിനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.