തരൂരിന്റെ സര്‍ക്കാര്‍ 'പുകഴ്ത്തല്‍'; കോണ്‍ഗ്രസില്‍ അതൃപ്തി, പിണറായിക്ക് മൈലേജ് ഉണ്ടാക്കുമെന്ന് നേതൃത്വം

രേണുക വേണു

ശനി, 15 ഫെബ്രുവരി 2025 (09:00 IST)
കേരളം അതിശയിപ്പിക്കുന്ന മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കൂടുതല്‍ മൈലേജ് ഉണ്ടാക്കുന്നതാണ് തരൂരിന്റെ പ്രസ്താവനയെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ തരൂരിന്റെ 'സര്‍ക്കാര്‍ സ്തുതി' തങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന പേടിയും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ട്. 
 
കേരളത്തില്‍ വ്യവസായ വളര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ നേതാക്കളും തുടര്‍ച്ചയായി ആരോപിക്കുന്ന സമയത്താണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തരൂരിന്റെ കേരള 'പുകഴ്ത്തല്‍'. വ്യവസായ മേഖലയില്‍ കേരളത്തിന്റേത് കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയാണെന്ന് തരൂര്‍ പറയുന്നു. ഇത് പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതാണ്. 
 
കേരളത്തിന്റെ സ്റ്റാര്‍ട്ടപ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി ആണെന്ന് തരൂര്‍ പറഞ്ഞു. ചുവപ്പുനാട മുറിച്ചുമാറ്റി മികച്ച വ്യവസായ സാഹചര്യമൊരുക്കാന്‍ കേരളത്തില്‍ സാധിക്കുന്നുണ്ടെന്നാണ് തരൂരിന്റെ മറ്റൊരു പരാമര്‍ശം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യവസായത്തില്‍ വന്‍ കുതിച്ചുച്ചാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും തരൂര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍