ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ പട്ടാപകല്‍ മോഷണം. ബാങ്കിലെ ജീവനക്കാരെ ബന്ദികളാക്കിയശേഷം 15 ലക്ഷം രൂപയാണ് കവര്‍ന്നത്. ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനാായി പോയ സമയത്താണ് മോഷ്ടാവ് എത്തിയത്. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം.
കത്തിയുമായി ബാങ്കിനുള്ളിലേക്ക് കയറിയ മോഷ്ടാവ് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലിപൊളിച്ച ശേഷം ട്രേയില്‍ സൂക്ഷിച്ച പണം അപഹരിക്കുകയായിരുന്നു. മോഷ്ടാവ് ഹെല്‍മെറ്റ് ധരിച്ചിരുന്നെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിരലടയാള പരിശോധനയുള്‍പ്പടെ തെളിവുകള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ് എന്നാണ് റിപ്പോര്‍ട്ട്.