സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാലര്‍മെന്റിന്റെ ഇരുസഭകളിലും ബഹളം. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് ലോക്‌സഭയില്‍ ആവശ്യം ഉന്നയിച്ചത്.
തുടര്‍ന്ന് ഒരു ബിസിനസ് സ്കൂളിലും പഠിക്കാതെ ഉന്നത ബന്ധം ഉപയോഗിച്ച് പണം സമ്പാദിക്കാമെന്ന പുതിയ ഒരു വ്യവസായ മാതൃക വധേര അവതരിപ്പിച്ചിരിക്കുകയാണെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. വധേരയുടെ പേര് പറഞ്ഞതും പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി എണീറ്റു. രാജ്യസഭയിലും നടപടികള്‍ തുടങ്ങിയ ഉടന്‍ പ്രതിപക്ഷം ബഹളം വച്ചു. ക്ഷുഭിതനായ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി അംഗങ്ങള്‍ സഭയുടെ അന്തസ് ഇടിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
വധേരയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹരിയാണയിലെ ഐഎ.എസ്. ഉദ്യോഗസ്ഥന്‍ അശോക് ഖെംക ഉന്നയിച്ചിരിക്കുന്നത്. ഗുഡ്ഗാവിലെ 3.5 ഏക്കര്‍ സ്ഥലത്തിനായി വധേര വ്യാജരേഖ തയ്യാറാക്കിയെന്നും ഒട്ടേറെ കൃത്രിമകൈമാറ്റങ്ങള്‍ നടത്തിയെന്നും ഖെംക കുറ്റപ്പെടുത്തുന്നു.
ഈ സ്ഥലം പിന്നീട് 58 കോടിക്കാണ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഡിഎല്‍എഫിന് കൈമാറിയത്. വഴിവിട്ടാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കോളനികളുടെ ലൈസന്‍സ് വദ്രയ്ക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന നഗരാസൂത്രണ വകുപ്പ് അനാവശ്യ തിടുക്കം കാട്ടിയെന്നും ചട്ടങ്ങളും വ്യവസ്ഥകളും ബലികഴിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.