റിയാലിറ്റി ഷോയില്‍ പങ്കെടുത്ത നടിയുടെ ജീവിതവുമായി സ്വന്തം ജീവിതം താരതമ്യം ചെയ്ത വനിത ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ചു. പല്ലവി എന്ന 32 വയസ്സുകാരിയാണ് ‘സച് കാ സാമ്ന’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത രൂപാ ഗാംഗുലി എന്ന നടിയുടെ ജീവിതവുമായി സ്വയം താരതമ്യം ചെയ്തതും മരണം തെരഞ്ഞെടുത്തതും.
സാധാരണക്കാരും വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന റിയാലിറ്റി ഷോയില്‍ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ മത്സരാര്‍ത്ഥികളോട് ചോദിക്കാറുണ്ട്. ഇവരുടെ മറുപടി സത്യമാണോ എന്ന് പോളിഗ്രാഫ് പരിശോധനയിലൂടെയും വിലയിരുത്താറുണ്ട്.
മകള്‍, ഭാര്യ, അമ്മ എന്നീ നിലയില്‍ പൂര്‍ണ പരാജയമാണെന്ന് തോന്നിയതിനാലാണ് പല്ലവി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ഭര്‍ത്താവുമായി പിണങ്ങിപ്പിരിഞ്ഞ പല്ലവിക്ക് 12 വയസ്സുള്ള ഒരു പുത്രനുണ്ട്. ഭാര്യയുമായി പിരിഞ്ഞ ധര്‍മ്മേന്ദ്ര എന്നയാളുമൊത്താണ് ഇവരിപ്പോള്‍ താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഇവരെ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി സീരിയലിലെ രൂപ ഗാംഗുലിയുടെ കഥാപാത്രത്തെ കുറിച്ച് പല്ലവി സംസാരിച്ചു എന്ന് ധര്‍മ്മേന്ദ്ര പറഞ്ഞു. താന്‍ നല്ലൊരു മകളോ അമ്മയോ സഹോദരിയോ ഭാര്യയോ അല്ല, താന്‍ ഒഴികെ എല്ലാവരും നല്ലവരാണെന്ന് കരുതുന്നു. ഭര്‍ത്താവിനെയും മകനെയും മരണ വിവരം അറിയിക്കണം എന്നും പല്ലവി തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.