റിപ്പബ്ലിക്ക്‌ ദിനത്തില്‍ നാലിടത്ത് ബന്ദ്

Webdunia
തിങ്കള്‍, 26 ജനുവരി 2009 (12:24 IST)
ഇന്ത്യ മുഴുവനും റിപ്പബ്ലിക് ആഘോഷങ്ങളില്‍ മുഴുകിയിരിക്കേ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റിബല്‍ ഗ്രൂപ്പുകള്‍ ബന്ദ് നടത്തി റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കുന്നു. ആസ്സാം, മണിപ്പൂര്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലാണ് റിപ്പബ്ലിക് ദിനമായ ഇന്ന് ബന്ദ് നടക്കുന്നത്.

ആസ്സമില്‍ റിബല്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് ആസ്സാം ഗവര്‍ണര്‍ എസ്.സി. മാത്തൂര്‍ പതാകയുയര്‍ത്തുക.

ത്രിപുര ലിബറേഷന്‍ ഫ്രണ്ടും ത്രിപുര ഡെമോക്രാറ്റിക് ഫണ്ടുമാണ് ത്രിപുരയില്‍ റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്കരിച്ച് ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹൈന്യൂട്രെപ് നാഷണല്‍ ലിബരേഷന്‍ കൌണ്‍‌സിലാണ് 24 മണിക്കൂര്‍ നേരത്തെ ബന്ദിന് മേഘാലയയില്‍ നേതൃത്വം കൊടുക്കുന്നത്. മണിപ്പൂര്‍ ലിബറേഷന്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ബന്ദില്‍ മണിപ്പൂരിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

ഈ സം‌സ്ഥാനങ്ങളില്‍ നിന്ന് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല. കടയടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഭൂരിഭാഗം ജനങ്ങളും ബന്ദിനെ അനുകൂലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിഘടനവാദ റിബല്‍ സംഘടനകളെ ഭയന്നാണ് ജനങ്ങള്‍ ബന്ദിനെ അനുകൂലിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരികളില്‍ വന്‍ സുരക്ഷാ സന്നാഹമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.