കോണ്‍ഗ്രസ് ഉപാധ്യക്ഷനും ലോക്സഭ എം പിയുമായ രാഹുല്‍ ഗാന്ധിയെ കാണ്മാനില്ലെന്ന് ഉത്തര്‍പ്രദേശില്‍ പോസ്റ്ററുകള്‍. രാഹുലിന്റെ ലോക്സഭ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠി അടക്കമുള്ള സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാഹുല്‍ ഗാന്ധി അവധിയിലാണ്. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനമടക്കം പ്രധാനപ്പെട്ട പല കാര്യങ്ങളും നടക്കുന്ന സമയത്താണ് അവധിയെന്നത് കോണ്‍ഗ്രസ് നേതൃത്വത്തെയും അണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലും രാഹുലിനെ തേടി പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശിലെ അലഹബാദ്, ബുലന്ദ്‌ഷര്‍ എന്നീ ജില്ലകളിലാണ് പോസ്റ്ററുകള്‍ പ്രധാനമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററുകളില്‍ മണ്ഡലം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പരാമര്‍ശിക്കുന്നത്.
“എവിടെക്കാണ് നിങ്ങള്‍ പോയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, നിങ്ങള്‍ എവിടെ പോയെന്ന് സന്ദേശമോ കത്തുകളോ ഇല്ലെന്ന്” ഒരു പോസ്റ്ററില്‍ പറയുന്നു. അമേഠി ലോക്സഭ മണ്ഡലത്തിലെ ജനങ്ങളുടെ പേരിലാണ് പോസ്റ്റര്‍ കത്ത് തയ്യാറാക്കിയിരിക്കുന്നത്. രാഹുലിന്റെ മണ്ഡലം അഭിമുഖീകരിക്കുന്ന പത്ത് പ്രശ്നങ്ങളും പോസ്റ്ററുകളില്‍ വ്യക്തമാക്കുന്നു. നേതൃത്വമില്ല, വികസനമില്ല, റോഡുകളുടെ ശോച്യാവസ്ഥ, കര്‍ഷകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്നങ്ങള്‍, മോശമായ ആരോഗ്യസാഹചര്യം എന്നിവയാണ് പ്രധാനപ്രശ്നമായി മണ്ഡലത്തിലെ ജനങ്ങള്‍ പോസ്റ്ററുകളില്‍ ഉയര്‍ത്തുന്നത്.