രാജ് കുമാര്‍ ഹിരാനിയുടെ ഭാര്യ വ്യാജ പൈലറ്റ്?

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2011 (16:10 IST)
PRO
PRO
ബോളിവുഡിനെ ഇളക്കിമറിച്ച ‘3 ഇഡിയറ്റ്സ്’ എന്ന ആമിര്‍ഖാന്‍ ചിത്രത്തിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയെ അറിയാത്തവര്‍ ആരുമില്ല. പക്ഷേ അദ്ദേഹത്തിന്റെ പ്രിയ പത്നി മഞ്ചീത് ഹിരാനി എയര്‍ ഇന്ത്യയില്‍ പൈലറ്റായി ജോലി നോക്കുന്ന വിവരം പലരും അറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ കാര്യം അതല്ല, വ്യാജരേഖ ചമച്ചാണ് മഞ്ചീത് പൈലറ്റ് ലൈസന്‍സ് നേടിയെടുത്തത് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

വിമാനം പറത്താന്‍ അറിയാതെയാണോ മഞ്ചീത് എയര്‍ ഇന്ത്യയില്‍ ജോലി കരസ്ഥമാക്കിയത്? മഞ്ചീതിന്റെ കൈവശമുള്ളത് കൃത്രിമ മാര്‍ഗത്തിലൂടെ നേടിയെടുത്ത ലൈസന്‍സാണെന്നും അവരെ ജോലിയില്‍ ഇന്ന് അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ട് 12 പൈലറ്റുമാര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് കത്തയച്ചിരിക്കുകയാണിപ്പോള്‍. അവര്‍ക്ക് നേരാംവണ്ണം വിമാനം പറത്താന്‍ അറിയില്ലെന്നും ആരോപണമുണ്ട്.

വിമാനയാത്രക്കാരുടെ ജീവന്‍ പന്താടുന്ന വ്യാജ പൈലറ്റുമാരെ കുരുക്കാന്‍ വ്യോമയാന വിഭാഗം രാജ്യവ്യാപകമായി വലവിരിച്ചിരിക്കുകയാണിപ്പോള്‍. തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അറ്സ്റ്റുകളും പുരോഗമിക്കുകയാണ്. 4,000 പൈലറ്റുമാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

അതിനിടെ വ്യാജ പൈലറ്റ് ലൈസന്‍സ് കേസില്‍ രണ്ട് പേരെ കൂടി അറസ്റ്റിലായി. ഡല്‍ഹി പൊലീസ് അഹമ്മദാബാദില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലൈസന്‍സ് നേടാന്‍ ഡി ജി സി എയ്ക്ക് മുന്നില്‍ ഇവര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചു എന്നാണ് കേസ്.